മകളെ ലൈംഗികമായി ഉപദ്രവിച്ചു; ബന്ധുവിനെ കൊല്ലാനായി കുവൈത്തിൽ നിന്നെത്തി പിതാവ്
ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവിനെ കൊല്ലാനായി കുവൈത്തില്‍നിന്നു നാട്ടിലെത്തി പ്രവാസിയായ പിതാവ്. കൊലപാതകത്തിനുശേഷം പിതാവ് മടങ്ങുകയും ചെയ്തു. ആന്ധ്രപ്രദേശിലെ അന്നമയ്യ ജില്ലയിലെ ഒബുലവാരിപള്ളിയിലായിരുന്നു സംഭവം. ആഞ്ജനേയ പ്രസാദ് (35) എന്ന യുവാവാണു ശാരീരിക വെല്ലുവിളി നേരിടുന്ന ബന്ധു പി.ആഞ്ജനേയുലുവിനെ (59) കൊലപ്പെടുത്തിയത്.
ഇരുമ്പുവടി ഉപയോഗിച്ചാണു ബന്ധുവിനെ ആഞ്ജനേയ പ്രസാദ് അടിച്ചുകൊന്നതെന്നു രാജാംപേട്ട് സബ് ഡിവിഷനല്‍ പൊലീസ് ഓഫീസര്‍ എന്‍.സുധാകര്‍ പറഞ്ഞു. ”ഡിസംബര്‍ ആദ്യ ആഴ്ചയിലാണ് ആഞ്ജനേയ പ്രസാദ് കുവൈറ്റില്‍നിന്നു നാട്ടിലെത്തിയത്. ഡിസംബര്‍ 6നു രാത്രിയും 7നു പുലര്‍ച്ചെയ്ക്കും ഇടയിലായിരുന്നു സംഭവം. ആഞ്ജനേയന്‍ വീടിനുപുറത്ത് ഉറങ്ങുകയായിരുന്നു. അപ്പോള്‍ ഇരുമ്പുവടി കൊണ്ട് ആഞ്ജനേയ പ്രസാദ് അടിച്ചു കൊന്നു” എന്‍.സുധാകര്‍ വ്യക്തമാക്കി.
കൊലപാതകത്തിനുശേഷം ആഞ്ജനേയ പ്രസാദ് കുവൈറ്റിലേക്കു മടങ്ങി. അവിടെ എത്തിയശേഷം, കുറ്റം സമ്മതിച്ചു വിഡിയോ സന്ദേശം പുറത്തിറക്കി. മകളുടെ പരാതിയില്‍ പൊലീസ് നടപടി എടുക്കാത്തതിനാലാണു കൊലപാതകമെന്നു വിഡിയോയില്‍ ആരോപിച്ചിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ആഞ്ജനേയ പ്രസാദും ഭാര്യ ചന്ദ്രകലയും കുവൈറ്റിലാണു ജോലി ചെയ്യുന്നത്. 12 വയസ്സുള്ള മകള്‍ നാട്ടില്‍ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെയായിരുന്നു താമസം. പിന്നീട് പെണ്‍കുട്ടി ചന്ദ്രകലയുടെ സഹോദരി ലക്ഷ്മിയുടെയും ഭര്‍ത്താവിന്റെയും കൂടെ താമസം തുടങ്ങി. ഇവിടെവച്ച് ലക്ഷ്മിയുടെ ഭര്‍തൃപിതാവ് കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് ആരോപണം. സംഭവത്തെക്കുറിച്ചു പരാതിപ്പെട്ടപ്പോള്‍ മിണ്ടാതിരിക്കാന്‍ പറഞ്ഞുവെന്നു പെണ്‍കുട്ടി വെളിപ്പെടുത്തി. വീട്ടില്‍ പ്രശ്‌നങ്ങളുണ്ടെന്നു പറഞ്ഞു ലക്ഷ്മി വിളിച്ചു മകളെ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടതായി ആഞ്ജനേയ പ്രസാദ് പറഞ്ഞു. കുവൈറ്റില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി തനിക്കുണ്ടായ അനുഭവം മാതാപിതാക്കളോടു പങ്കുവച്ചു. കുട്ടിയുടെ അമ്മ ചന്ദ്രകല നാട്ടിലെ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍, പ്രതിക്കെതിരെ നടപടിയെടുക്കുന്നതിനു പകരം കേസ് ഒതുക്കിത്തീര്‍ക്കാന്‍ പൊലീസ് ശ്രമിച്ചെന്നാണ് ആരോപണം.