നാല് ജീവന്‍ പൊലിഞ്ഞ പനയമ്പാടം അപകടം…റോഡ് നിര്‍മ്മാണത്തില്‍ പാളിച്ചയുണ്ടെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍

നാല് ജീവന്‍ പൊലിഞ്ഞ പനയമ്പാടം അപകടം…റോഡ് നിര്‍മ്മാണത്തില്‍ പാളിച്ചയുണ്ടെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍

പാലക്കാട്: പാലക്കാട് പനയമ്പാടത്ത് ലോറി മറിഞ്ഞ് നാലു വിദ്യാര്‍ത്ഥിനികള്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. പനയമ്പാടത്തെ റോഡ് നിര്‍മ്മാണത്തില്‍ പാളിച്ചയുണ്ടെന്ന് കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. ഇതിനെ കുറിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, കെ കൃഷ്ണന്‍കുട്ടി എന്നിവരുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാളെ പാലക്കാട് പോയി റോഡിനെ സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണും. ഇത്തരം ബ്ലാക്ക് സ്‌പോട്ടുകള്‍ കണ്ടെത്തി ലിസ്റ്റ് തരാനായി ആവശ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോണ്‍ട്രാക്ടര്‍മാരാണ് റോഡ് എങ്ങനെ നിര്‍മ്മിക്കണമെന്ന് തീരുമാനിക്കുന്നത് അവിടെ എഞ്ചിനീയര്‍മാര്‍ക്ക് ഒരു സ്ഥാനവുമില്ല. ഗ്രൗണ്ട് ലെവലിലേക്ക് ഇറങ്ങിവന്ന് സൈറ്റില്‍ നിന്നാണ് റോഡുകള്‍ ഡിസൈന്‍ ചെയ്യേണ്ടത്. യാതൊരു ശാസ്ത്രീയ മാനദണ്ഡവും പാലിക്കാതെയാണ് റോഡ് നിര്‍മ്മാണം നടത്തുന്നത്. പ്രാദേശികമായ പ്രശ്‌നങ്ങള്‍ കേട്ടിട്ട് വേണം റോഡുകള്‍ ഡിസൈന്‍ ചെയ്യാനെന്നും മന്ത്രി പറഞ്ഞു. പരീക്ഷ കഴിഞ്ഞ് മടങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കാണ് ദാരുണമായ മരണം സംഭവിച്ചത്. പാലക്കാട്ടുനിന്ന് സിമന്റ് കയറ്റി വന്ന ലോറി മറ്റൊരു ലോറിയിലിടിച്ച് നിയന്ത്രണം വിട്ടാണ് അപകടമുണ്ടാവുകയിരുന്നു. ലോറിക്കടിയില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

എതിരെ വന്ന വാഹനത്തിന്റെ ഡ്രൈവര്‍ വണ്ടൂര്‍ സ്വദേശി പ്രജീഷിനെതിരെ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. അശ്രദ്ധയോടെയും അമിതവേ?ഗത്തിലും വന്നു എന്നാണ് കേസ്. വാഹന ഉടമയെ വിശദമായി ചോദ്യം ചെയ്യും. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് ലോറി ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നത്. ചാറ്റല്‍ മഴയും റോഡിലെ തെന്നലും നിയന്ത്രിക്കാനായില്ലെന്നും ലോറി ഡ്രൈവര്‍ പറഞ്ഞിരുന്നു. അതേസമയം മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്.

പരിശോധനയില്‍ അപകടത്തില്‍പ്പെട്ട വാഹനത്തിലുണ്ടായിരുന്ന ലോഡിന്റെ ഭാരം കൃത്യമായിരുന്നുവെന്ന് ആര്‍ടിഎ പറഞ്ഞു. ലോറിയുടെ ടയറുകള്‍ക്ക് പ്രശ്നമില്ല. അധികം പഴക്കമില്ലാത്ത വണ്ടിയാണ്. മുമ്പ് അവിടെ അപകടം നടന്നതിനാല്‍ ഐഐടി പഠന റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്ത് പനയമ്പാടത്തെ അപകട മേഖലയിലെ പ്രശ്നം പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചുവരികയായിരുന്നുവെന്നും അതിനിടയിലാണ് അപകടമുണ്ടായതെന്നും ആര്‍ടിഎ അറിയിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )