നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി; സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അന്തരിച്ചു

നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി; സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അന്തരിച്ചു

ആലപ്പുഴ: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. കുറേക്കാലമായി വ്യക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ബാലചന്ദ്രകുമാര്‍. രണ്ട് വ്യക്കകളും തകരാറിലായതോടെ ഡയാലിസിസ് ചെയ്താണ് ബാലചന്ദ്രകുമാര്‍ മുന്നോട്ട് പോയിരുന്നത്. തുടര്‍ച്ചയായ ഹൃദയാഘാതവും സംഭവിച്ചിരുന്നു.

രണ്ട് വൃക്കകളും തകരാറിലായ ബാലചന്ദ്രകുമാര്‍ സുമനസ്സുകളുടെ സഹായത്തോടെ ചികിത്സയിലായിരുന്നു. ഇതിനിടയില്‍ ഹൃദയാഘാതം സംഭവിച്ചതോടെ അദ്ദേഹത്തിന്റെ നില ?ഗുരുതരാവസ്ഥയിലാവുകയായിരുന്നു. തലച്ചോറിലെ അണുബാധയും ബാലചന്ദ്രകുമാറിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാക്കി.

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായകമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്കാളിത്തം തെളിയിക്കുന്ന നിരവധി ഓഡിയോ സംഭാഷണങ്ങളും അനുബന്ധ തെളിവുകളും ബാലചന്ദ്രകുമാര്‍ പുറത്ത് വിട്ടിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് വീട്ടിലിരുന്ന് കണ്ടിരുന്നുവെന്ന നിര്‍ണ്ണായക വെളിപ്പെടുത്തലും ബാലചന്ദ്രകുമാര്‍ നടത്തിയിരുന്നു. നടിയെ ആക്രമച്ചതിന്റെ ദൃശ്യങ്ങള്‍ ഒരു വിഐപി വഴി ദിലീപിന്റെ കൈവശം എത്തിച്ചേര്‍ന്നുവെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.

ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചുവെന്ന വെളിപ്പെടുത്തലും ബാലചന്ദ്രകുമാര്‍ നടത്തിയിരുന്നു. കോടതിയില്‍ ബാലചന്ദ്രകമാര്‍ ദിലീപിനെതിരെ രഹസ്യമൊഴിയും നല്‍കിയിരുന്നു. അസുഖബാധിതനായിരിക്കെ ആരോഗ്യസ്ഥിതി പരിഗണിക്കാതെയായിരുന്നു ബാലചന്ദ്രകുമാര്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണയില്‍ പങ്കെടുത്തത്.

ദിലീപിനെ നായകനാക്കി ഒരുക്കാനിരുന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ബാലചന്ദ്രകുമാര്‍ നടന്റെ വീട്ടിലെ അടുപ്പക്കാരനാകുന്നത്. പിന്നീട് നടിയെ ആക്രമിച്ചതിന് ശേഷം നടന്ന പലസംഭവവികാസങ്ങളും ദൃക്‌സാക്ഷിയായിരുന്നു ബാലചന്ദ്രകുമാര്‍.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )