‘പ്രായമായെന്ന് കരുതി ആരും മാതാപിതാക്കളെ മാറ്റില്ലല്ലോ’; കെപിസിസി പുനഃസംഘടനയിൽ പ്രതികരിച്ച് കെ മുരളീധരൻ

‘പ്രായമായെന്ന് കരുതി ആരും മാതാപിതാക്കളെ മാറ്റില്ലല്ലോ’; കെപിസിസി പുനഃസംഘടനയിൽ പ്രതികരിച്ച് കെ മുരളീധരൻ

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചർച്ചയൊന്നും നടക്കുന്നില്ലെന്ന് കെ മുരളീധരൻ. പ്രായമായെന്ന് കരുതി ആരും മാതാപിതാക്കളെ മാറ്റില്ലല്ലോ എന്നും മുരളീധരൻ പ്രതികരിച്ചു. കോൺ​ഗ്രസിൽ ഇപ്പോൾ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നു എന്നതിന്റെ തെളിവാണ് തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പുകളിൽ നേടിയ വിജയമെന്ന് മുരളീധരൻ പറഞ്ഞു.

കഴിഞ്ഞതവണ 13 സീറ്റിൽ വിജയിച്ച യുഡിഎഫ് ഇത്തവണ 17 സീറ്റിൽ വിജയിക്കാൻ കാരണം ഭരണ വിരുദ്ധ വികാരവും ഒറ്റക്കെട്ടായി പാർട്ടി പ്രവർത്തിച്ചതിന്റെ മെച്ചവുമാണ്. ഈ രീതിയിൽ മുന്നോട്ടുപോയാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭരണം പിടിക്കാനാവുമെന്ന കാര്യത്തിൽ സംശയമില്ല.

പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചർച്ചയൊന്നും നടക്കുന്നില്ല. എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിതന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയൊരു ചർച്ച നടക്കുകയാണെങ്കിൽ ഞങ്ങളൊക്കെ അറിയുമല്ലോ. ചർച്ചയുടെ കഥകളൊക്കെ ആരാണുണ്ടാക്കിയതെന്നറിയില്ല. ഇത് അനാവശ്യമായ ചർച്ചയാണെന്നും മുരളീധരൻ പറഞ്ഞു.

സംസ്ഥാനത്ത് മാറ്റം വേണമെങ്കിൽ അത് ദേശീയ നേതൃത്വമാണ് തീരുമാനിക്കുന്നത്. കെപിസിസി പ്രസിഡന്റിനെ നിലനിർത്തണമെന്നുള്ള അഭിപ്രായമാണ് എല്ലാവർക്കും. പുനഃസംഘടിപ്പിക്കുമ്പോൾ യുവാക്കൾക്കും വരാമല്ലോ. യുവാക്കളെ ആരും മാറ്റിയിട്ടില്ല. പാർട്ടി മുന്നോട്ടുപോകണമെങ്കിൽ യുവാക്കൾ വേണമല്ലോ. അതിനൊപ്പം പ്രായമായവരുടെ മാർനിർദേശങ്ങളും സഹകരണവും വേണം. പ്രായമായെന്ന് കരുതി ആരും മാതാപിതാക്കളെ മാറ്റില്ലല്ലോ. എല്ലാവർക്കും പ്രായമാകുമല്ലോ.

ആരുടേയും വഴി കൊട്ടിയടയ്ക്കരുത്. ഇന്നത്തെ പല നേതാക്കളും യുവാക്കളായിട്ട് വന്നവരാണ്. പ്രായം കണക്കാക്കുന്നത് വയസ് നോക്കിയിട്ടല്ല. മനസ് പറയുന്നിടത്ത് ശരീരം ചെന്നാൽ ചെറുപ്പമാണ്. അങ്ങനെ സംഭവിക്കാതിരുന്നാൽ പ്രായമായെന്ന് കണക്കാക്കാമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )