കോടികള്‍ നല്‍കാനുണ്ട്, ആഷിഖ് അബുവിനെതിരെ പരാതി; വിശദീകരണം തേടി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി നല്‍കി നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള. തനിക്ക് 2 കോടി 15 ലക്ഷം രൂപ ആഷിഖ് അബു നല്‍കാന്‍ ഉണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ആഷിഖ് അബുവിനോട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
നാരദന്‍, മഹേഷിന്റെ പ്രതികാരം, മായാനദി എന്നീ മൂന്ന് സിനിമകളെ ചൊല്ലിയാണ് തര്‍ക്കം. സന്തോഷ് ടി കുരുവിളയുടെ മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ആഷിഖ് അബുവിന്റെ ഒപിഎം സിനിമാസ് ചേര്‍ന്നാണ് ഈ മൂന്ന് സിനിമകളും നിര്‍മ്മിച്ചത്. ഈ സിനിമകളുടെ വിതരണാവകാശം, മ്യൂസിക് റൈറ്റ്‌സ്, ലാഭവിഹിതം എന്നീ ഇനങ്ങളില്‍ തനിക്ക് പൈസ ലഭിക്കാനുണ്ട് എന്നാണ് സന്തോഷ് ടി കുരുവിളയുടെ പരാതി.
2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ഫഹദ് ഫാസില്‍ നായകനായ ചിത്രം മികച്ച കളക്ഷനും തിയേറ്ററില്‍ നിന്നും നേടിയിരുന്നു. 2017ല്‍ പുറത്തിറങ്ങിയ മായാനദി ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ച ചിത്രമാണ്. ഈ സിനിമയും മികച്ച കളക്ഷന്‍ നേടിയിരുന്നു. എന്നാല്‍ 2022ല്‍ പുറത്തിറങ്ങിയ നാരദന് വലിയ കളക്ഷന്‍ നേടാനായിട്ടില്ല.