പുഷ്പ 2 കാണാനെത്തിയ യുവതിയുടെ മരണം; മൂന്ന് പേര്‍ അറസ്റ്റില്‍
ഹൈദരാബാദ്: പുഷ്പ 2 കാണാനെത്തിയ യുവതിയ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. അപകടം നടന്ന സന്ധ്യ തിയറ്ററിന്റെ ഉടമ, തിയറ്റര്‍ മാനേജര്‍, സെക്യൂരിറ്റി ചീഫ് എന്നിവരാണ് അറസ്റ്റിലായത്. ഹൈദരാബാദ് പൊലീസാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മൂന്ന് പേരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
പുഷ്പ 2 കാണാന്‍ സന്ധ്യ തിയറ്ററില്‍ കുടുംബത്തോടൊപ്പം എത്തിയ രേവതി (35)യായിരുന്നു തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്. രേവതിയുടെ മകന്‍ ശ്രീതേജിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണാന്‍ അല്ലു അര്‍ജുനും തിയറ്ററില്‍ എത്തിയിരുന്നു. അല്ലു എത്തിയത് അറിഞ്ഞ് ആരാധകര്‍ തിരക്ക് കൂട്ടിയതാണ് അപകടത്തിന് കാരണമായത്. തിയറ്ററിലേക്ക് കയറാന്‍ ശ്രമിച്ച രേവതിയും ശ്രീതേജും തിരക്കില്‍പ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഇരുവരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രേവതി മരിക്കുകയായിരുന്നു. സംഭവത്തിന് തൊട്ടപിന്നാലെ തിയറ്റര്‍ ഉടമ അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അല്ലു അര്‍ജുനേയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
രേവതിയുടെ മരണത്തില്‍ ഖേദം പ്രകടിപ്പിച്ച് അല്ലു അര്‍ജുന്‍ രംഗത്തെത്തിയിരുന്നു. കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്ന് പറഞ്ഞ അല്ലു, എല്ലാ സഹായവും നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു. രേവതിയുടെ കുടുംബത്തെ വ്യക്തിപരമായി കാണുമെന്നും അല്ലു പറഞ്ഞിരുന്നു.