‘ഊതി വീര്‍പ്പിച്ച വാര്‍ത്തകള്‍ നല്‍കുന്നു’; ഇന്ത്യയിലെ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് ബംഗ്ലാദേശ്
ധാക്ക: ഇന്ത്യയിലെ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി ബംഗ്ലാദേശ്. ഇന്ത്യയിലെ മാധ്യമങ്ങള്‍ ഊതി വീര്‍പ്പിച്ച വാര്‍ത്തകള്‍ നല്‍കുന്നു. ഇക്കാര്യം ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയെ നേരിട്ടറിയിക്കുമെന്നും ഇടക്കാല സര്‍ക്കാര്‍ വ്യക്തമാക്കി.
എന്നാല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മുഹമ്മദ് യൂനുസിനെ കാണുന്നതില്‍ ധാരണയായിട്ടില്ല. വിക്രം മിസ്രി അടുത്തയാഴ്ച ബംഗ്ലദേശ് സന്ദര്‍ശനം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രതിവാര വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഡിസംബര്‍ 9ന് മിസ്രി ബംഗ്ലദേശിലെത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
ബംഗ്ലദേശില്‍ ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് ഷെയ്ഖ് ഹസീന സര്‍ക്കാര്‍ രാജിവയ്ക്കുകയും മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ കാവല്‍ സര്‍ക്കാര്‍ അധികാരത്തിലേറുകയും ചെയ്തതിനുശേഷം ധാക്ക സന്ദര്‍ശിക്കുന്ന ഏറ്റവും മുതിര്‍ന്ന ഇന്ത്യന്‍ പ്രതിനിധിയാണ് വിക്രം മിസ്രി. ബംഗ്ലദേശ് വിദേശകാര്യ സെക്രട്ടറിയുമായി അദ്ദേഹം ചര്‍ച്ച നടത്തുമെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.