കളർകോട് വാഹനാപകടം; ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടു
ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസും ടവേര കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നാല് വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മെഡിക്കല്‍ ബോര്‍ഡ്. ഒന്നാം വര്‍ഷം മെഡിക്കല്‍ വിദ്യാര്‍ഥികളായ ആനന്ദമനു, ഗൗരി ശങ്കര്‍, കൃഷ്ണദേവ്, മൂഹ്സിന്‍ എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്. നാലുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ചിലര്‍ക്ക് സ്വന്തമായി ഭക്ഷണവും കഴിക്കാന്‍ സാധിക്കുന്നുണ്ട്. ഗൗരി ശങ്കറിന്റെ തുടയെല്ലിന്റെ ശസ്ത്രക്രിയ കഴിഞ്ഞിട്ടുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ എടത്വ സ്വദേശി ആല്ബിന് ഇന്നലെയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ആല്ബിന് അപകടത്തില്‍ തലച്ചോറിലും ആന്തരിക അവയവങ്ങളിലും ക്ഷതമേറ്റിരുന്നു. ഇതോടെ കളര്‍കോട് വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ആല്‍ബിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടില്‍ എത്തിച്ചു സംസ്കരിച്ചു.
11 വിദ്യാര്‍ത്ഥികളായിരുന്നു അപകടം നടക്കുന്ന സമയത്ത് കാറിനകത്ത് ഉണ്ടായിരുന്നത്. കാര്‍ വാടകക്കെടുത്തത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. കാറിന് 14 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. കാറോടിച്ച വിദ്യാര്‍ത്ഥി ഗൗരീശങ്കര്‍ ഉടമയ്ക്ക് ആയിരം രൂപ ഗൂഗിള്‍ പേ ചെയ്തു നല്‍കിയതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. ഗൗരിശങ്കറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. കേസില്‍ ആദ്യം പ്രതി ചേര്‍ക്കപ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവറെ പിന്നീട് ഒഴിവാക്കിയിരുന്നു.
അതേസമയം, വാടകയ്ക്കല്ല സൗഹൃദത്തിന്റെ പേരിലാണ് വാഹനം നല്‍കിയതെന്നായിരുന്നു വാഹന ഉടമ ഷാമില്‍ ഖാന് പൊലീസിനും മോട്ടോര്‍ വാഹന വകുപ്പിനും നല്കിയ മൊഴി. ഉടമ കൊലക്കേസ് പ്രതിക്ക് മുന്‍പ് വാഹനം വാടകയ്ക്ക് നല്‍കിയെന്നും എന്‍ഫോസ്മെന്റ് ആര്‍ടിഒ കണ്ടെത്തിയിരുന്നു. ഇതിന് പുറമെയാണ് കാറോടിച്ച ഗൗരീശങ്കര്‍ ഉടമയ്ക്ക് ആയിരം രൂപ ഗൂഗിള്‍ പേ നല്‍കിയെന്ന പൊലീസ് കണ്ടെത്തല്‍. മുന്‍പിലുണ്ടായിരുന്ന വാഹനത്തെ മറികടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടത്തെക്കുറിച്ചും പ്രദേശത്ത് ഇനി അപകടം ഉണ്ടാകാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കി.