വിശ്വസിച്ച് കുടിക്കാന്‍ വരട്ടെ…കുപ്പിവെള്ളം ഇനി ‘ഹൈ റിസ്ക്’ വിഭാഗത്തിൽ: ഭക്ഷ്യസുരക്ഷാ അതോറിറ്റി
ന്യൂഡല്‍ഹി: കുപ്പിവെള്ളത്തെ ‘ഹൈ റിസ്ക്’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി. കുപ്പിവെള്ളത്തിന് ബി.ഐ.എസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ്) സര്ട്ടിഫിക്കേഷന് നിര്‍ബന്ധമാണെന്ന വ്യവസ്ഥ ഒക്ടോബറില്‍ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. പിന്നാലെയാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നടപടി.
മോശം പാക്കേജിങ്ങിനും ഉയര്‍ന്ന മലിനീകരണതോതിനും മോശമായ രീതിയിലുള്ള സംഭരണത്തിനും അലക്ഷ്യമായി കൈകാര്യം ചെയ്യപ്പെടാനും സാധ്യതയുള്ള ഉല്പന്നങ്ങളെയാണ് ഹൈ റിസ്ക് ഭക്ഷണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. കുപ്പിവെള്ളത്തിന് പുറമെ പച്ച മാംസം, മത്സ്യം, പാല് ഉത്പ്പന്നങ്ങള്‍, കട്ട് ചെയ്ത് വെച്ച പഴങ്ങളും പച്ചക്കറികളും, റെഡി-ടു-ഈറ്റ് ഫുഡ്സ്, സലാഡുകള്‍, പാകം ചെയ്തുവെച്ച ഭക്ഷണങ്ങള്‍, മധുരപലഹാരങ്ങള്‍ എന്നിങ്ങനെ നിരവധി ഭക്ഷണപദാര്‍ഥങ്ങളും ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അപകടസാധ്യതയേറിയ ഭക്ഷ്യവസ്തുക്കളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതോടെ ഇനി കുപ്പിവെള്ള ഉല്പാദന കേന്ദ്രങ്ങളില്‍ കൃത്യമായ പരിശോധനകള്‍, ഓഡിറ്റുകള്‍ എന്നിവ ആവശ്യമാണ്. ലൈസന്‍സ് ലഭിക്കാനും കര്‍ശന പരിശോധനകളും മാനദണ്ഡങ്ങളുമുണ്ടാകും.