മഹാരാഷ്ട്രയില്‍ വന്‍ട്വിസ്റ്റ്; മഹായുതി യോഗം ബഹിഷ്‌കരിച്ച് ഏക്‌നാഥ് ഷിന്‍ഡെ മുംബൈ വിട്ടു, സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍
സര്‍ക്കാര്‍ രൂപീകരണത്തിനായി ഇന്നു ചേരേണ്ട മഹായുതി സഖ്യത്തിന്റെ നിര്‍ണായക യോഗം ബഹിഷ്‌കരിച്ച് ശിവസേന നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെ. തുടര്‍ന്ന് മഹായുതി സഖ്യത്തിന്റെ നിര്‍ണായക യോഗം റദ്ദാക്കിയതിനാല്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ രൂപീകരണം അനിശ്ചിതത്വത്തിലാണ്. ഏക്‌നാഥ് ഷിന്‍ഡെ അപ്രതീക്ഷിതമായാണ് യോഗം ബഹിഷ്‌കരിച്ച് സത്താറ ജില്ലയിലെ ഗ്രാമത്തിലേക്ക് പോയതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. നാളെ മടങ്ങിവരുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചനയെങ്കിലും നിര്‍ണായകമായ യോഗം ബഹിഷ്‌കരിക്കാനുള്ല കാരണം വ്യക്തമായിട്ടില്ല.
ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസിനും എന്‍സിപി നേതാവ് അജിത് പവാറിനും ഒപ്പം ഷിന്‍ഡെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി മുംബൈയിലേക്ക് മടങ്ങിയിരുന്നു.
മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് വരുന്നതിനെ ഏകനാഥ് ഷിന്‍ഡെ സ്വാഗതം ചെയ്തുവെന്നായിരുന്നു അവസാനം ലഭിക്കുന്ന വിവരം. പ്രതിസന്ധി ഉടലെടുത്തത് മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച് തര്‍ക്കത്തിലാണ്. സഹമന്ത്രിസ്ഥാനം ഉള്‍പ്പെടെ 12 മന്ത്രിസ്ഥാനങ്ങള്‍ക്കാണ് ശിവസേന അവകാശവാദം ഉന്നയിച്ചത്. കൂടാതെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനവും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ബി ജെ പി കേന്ദ്ര നേതൃത്വമായിരിക്കും അന്തിമ തീരുമാനം എടുക്കുക.
ഇന്നത്തെ മഹായുതി ചര്‍ച്ചകളില്‍ മന്ത്രിസഭയുടെ രൂപീകരണമായിരുന്നു പ്രധാന അജണ്ട. സംസ്ഥാനത്തിന് പരമാവധി മന്ത്രിമാരുടെ എണ്ണം 42 ആണ്. ബിജെപിക്ക് 22, ശിവസേനയ്ക്ക് 12, അജിത് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 10 എന്നിങ്ങനെയായിരിക്കും വകുപ്പ് വിഭജനം എന്നായിരുന്നു ലഭിച്ച സൂചന.