വടക്കാഞ്ചേരി വിരുപ്പാക്കയിൽ വൈദ്യുതാഘാതമേറ്റ് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ ദുരൂഹത
തൃശ്ശൂര്‍ വടക്കാഞ്ചേരി വിരുപ്പാക്കയില്‍ കാട്ടുപന്നിയെ വേട്ടയാടുന്നതിന് സ്ഥാപിച്ച വൈദ്യുതിക്കെണിയില്‍ അകപ്പെട്ട് മധ്യവയസ്കന് മരിച്ച സംഭവത്തില്‍ ദുരൂഹത. ലൈനില്‍ നിന്ന് വൈദുതിയെടുക്കാന്‍ ഉപയോഗിച്ചിരുന്ന തോട്ടികള്‍ ഊരി മാറ്റിയ നിലയില്‍ കണ്ടെത്തിയതാണ് ദുരൂഹതയ്ക്ക് കാരണം. മരിച്ചയാളുടെ ഇടത് കൈപ്പത്തിയും വിരലുകളും സാരമായി പൊള്ളിയിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരും, ഫിങ്കര്‍ പ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കുന്നംകുളം എസിപി സന്തോഷ് സി ആര്‍ന്റെ നേതൃത്വത്തില്‍ വടക്കാഞ്ചേരി എസ്എച്ച്ഒ റിജിന്‍ എംതോമസ്, പ്രിന്‍സിപ്പല്‍ എസ്ഐ അനുരാജ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. കൂടാതെ വൈദ്യുതി വകുപ്പില്‍ നിന്ന് എക്സ്ഇയും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം നടത്തിയിട്ടുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രദേശവാസികളാണ് ഇന്ന് രാവിലെ വിരുപ്പാക്ക സ്വദേശി നടത്തറ വീട്ടില്‍ 51 വയസ്സുള്ള ഷെരീഫിന്റെ മൃതദേഹം കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. പ്രദേശവാസിയായ ഉണ്ണിയാന്‍ കുട്ടി എന്ന ആളുടെ പാടത്തിനോട് ചേര്‍ന്ന വലിയ തെങ്ങിന് പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച ഷെരീഫിന്റെ വീട്ടില്‍ നിന്നും ഏകദേശം അര കിലോമീറ്റര്‍ മാറിയാണ് അപകടം നടന്ന തെങ്ങിന് പറമ്പ് സ്ഥിതിചെയ്യുന്നത്. മൃതദേഹത്തിന് സമീപത്തുനിന്ന് കെണിവെക്കാനായി ഉപയോഗിക്കുന്ന വയറുകളും പ്ലാസ്റ്റിക് സഞ്ചിയും ഉള്‍പ്പെടെ കണ്ടെത്തിയിരുന്നു.
കുറച്ചുനാളുകള്‍ക്ക് മുന്‍പ് വടക്കാഞ്ചേരിക്ക് തൊട്ടടുത്ത എരുമപ്പെട്ടി സ്റ്റേഷന് പരിധിയിലെ വരവൂരില്‍ പാടത്ത് സ്ഥാപിച്ച വൈദ്യുത കെണിയില്‍ തട്ടി മീന്‍ പിടിക്കാന്‍ പോയ ഷെരീഫിന്റ്റെ സഹോദരങ്ങള്‍ മരിച്ചിരുന്നു. മേഖലയില്‍ വന്യമൃഗങ്ങളെ വേട്ടയാടാന്‍ വൈദ്യുത കെണി സ്ഥാപിക്കുന്നത് നിത്യ സംഭവമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. വൈദ്യുതയുടെ സ്ഥാപിക്കുന്നത് മുന്‍കൂട്ടി പിടികൂടാന്‍ അധികൃതര്‍ കാര്യക്ഷമമായി പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.