ഉത്തർപ്രദേശിലെ സാംഭാലിൽ മസ്ജിദിന്റെ സർവേക്കിടെ സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു

ഉത്തർപ്രദേശിലെ സാംഭാലിൽ മസ്ജിദിന്റെ സർവേക്കിടെ സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു

ഉത്തര്‍പ്രദേശിലെ സാംഭാലില്‍ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മസ്ജിദിന്റെ സര്‍വേയുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം. നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു. സംഭവത്തില്‍ പോലീസുകാര്‍ക്ക് പരിക്കേറ്റു. ആക്രമണവുമായി ബന്ധപ്പെട്ടവരെ കസ്റ്റഡിയില്‍ എടുത്തതായി പോലീസ് അറിയിച്ചു. നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് പോലീസ് വ്യക്തമാക്കി. ഷാഹി ജുമാ മസ്ജിദ് യഥാര്‍ത്ഥത്തില്‍ ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് സുപ്രീം കോടതി അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഷാഹി ജുമാ മസ്ജിദിലെ സര്‍വേ നടത്തിയത്.

ഈ മാസം 19ന് ആദ്യഘട്ടം സര്‍വേ നടത്തിയിരുന്നു. രണ്ടാം ഘട്ട സര്‍വേക്കിടെയാണ് സംഘര്‍ഷമുണ്ടായത്. രാവിലെ ഏഴു മണി മുതല്‍ 11 മണി വരെയാണ് സര്‍വേ നടന്നത്. ആളുകള്‍ സംഘടിച്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇടപെട്ടു. മൂവായിരത്തോളം പേര്‍ ചേര്‍ന്ന് ഒരുമിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പൊലീസിന് നേരെ കല്ലേറ് നടത്തുകയും വീടിന്റെ മുകളില്‍ നിന്ന് വെടിവെപ്പ് ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 18 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. ആക്രമണം നടത്തിയവരെ കണ്ടെത്താന്‍ പൊലീസ് തുടര്‍നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എന്നിരുന്നാലും, അക്രമങ്ങള്‍ക്കിടയിലും സര്‍വേയുടെ മുഴുവന്‍ പ്രക്രിയയും വീഡിയോഗ്രാഫ് ചെയ്യുകയും ഫോട്ടോയെടുക്കുകയം ചെയ്ത് സര്‍വേ വിജയകരമായി പൂര്‍ത്തിയാക്കി. നവംബര്‍ 29 ന് കമ്മീഷന്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് സംഘര്‍ഷം രൂക്ഷമായതിനാല്‍ കനത്ത പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടുന്നത് തടയാന്‍ പ്രദേശത്ത് നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹരി ഹര്‍ മന്ദിര്‍ എന്ന ഒരു ക്ഷേത്രം മസ്ജിദ് ഉള്‍പ്പെടുന്ന സ്ഥലത്ത് ഉണ്ടായിരുന്നെന്നും മുഗള്‍ ചക്രവര്‍ത്തി ബാബര്‍ 1529-ല്‍ ഇത് ഭാഗികമായി തകര്‍ത്തുവെന്നുമാണ് വിഷ്ണു ശങ്കര്‍ ജെയിന്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )