ഒരു ദിവസം 640 മില്യൺ വോട്ടുകൾ ഇന്ത്യ എണ്ണി; അമേരിക്കക്ക് അതിന് സാധിക്കുന്നില്ലെന്ന് മസ്ക്
വാഷിങ്ടൺ: തിരഞ്ഞെടുപ്പ് നടന്ന കാലിഫോർണിയയിലെ വോട്ടെണ്ണൽ പ്രക്രിയ വൈകിയതിൽ പ്രതികരണവുമായി ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക്. 19 ദിവസമായി കാലിഫോർണിയയിലെ തിരഞ്ഞെടുപ്പ് നടന്നിട്ട്. എന്നിട്ടും ഫലം പുറത്ത് വരാത്തതിലാണ് മസ്കിന്റെ ഈ പ്രതികരണം. 640 മില്യൺ വോട്ടുകൾ ഒറ്റ ദിവസത്തിൽ തന്നെ ഇന്ത്യയിൽ എണ്ണിയെന്നും അമേരിക്കയിൽ ഇപ്പോഴും തിരഞ്ഞെടുപ്പ് പ്രക്രിയ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
മസ്കിന്റെ പ്രതികരണം, ഇന്ത്യയിലെ കൗണ്ടിങ്ങിനെ സംബന്ധിക്കുന്ന പോസ്റ്റ് കൂടി ഷെയർ ചെയ്താണ്. ഇമോജിയോട് കൂടിയാണ് മസ്കിന്റെ പോസ്റ്റ്. കാലിഫോർണിയയിലെ 98 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞുവെങ്കിലും ഫലപ്രഖ്യാപനം ഏറെ വൈകുകയാണ്. നേരത്തെ വോട്ടിങ് യന്ത്രങ്ങൾക്കെതിരെയും ഇലോൺ മസ്ക് രംഗത്തെത്തിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രക്രിയയിലെ പ്രധാന ഭാഗമായ ഇവിഎമ്മുകൾ അനായാസം ഹാക്ക് ചെയ്യാൻ സാധിക്കുന്നവയാണെന്നും സുരക്ഷിതമല്ലെന്നും മസ്‌ക് വിശദീകരിച്ചിരുന്നു. താനൊരു ടെക്‌നോളജിസ്റ്റ് ആയതിനാൽ കമ്പ്യൂട്ടറുകളെ കുറിച്ച് നന്നായി അറിയാം. ഈ കമ്പ്യൂട്ടർ പ്രോഗ്രാമുകളെ നമുക്ക് വിശ്വസിക്കാനാവില്ല. അവ എളുപ്പം ഹാക്ക് ചെയ്യാൻ സാധിക്കും. അതിനായി ഒരു ചെറിയ കോഡ് ചേർത്താൽ മതിയാകും. എന്നാൽ ബാലറ്റ് പേപ്പറുകൾ ഹാക്ക് ചെയ്യാൻ സാധിക്കില്ലെന്നും മസ്‌ക് പറഞ്ഞിരുന്നു.