സർക്കാരിൽ നിന്നും പിന്തുണ ലഭിച്ചില്ല; മുകേഷ് ഉൾപ്പെടെയുളള നടന്മാർക്കെതിരെ ഉന്നയിച്ച പരാതി പിൻവലിക്കാൻ ഒരുങ്ങി നടി
കൊച്ചി: നടന്മാര്‍ക്കെതിരെ ഉന്നയിച്ച പരാതികളില്‍ നിന്ന് പിന്‍മാറുന്നുവെന്ന് നടി. മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് പരാതിക്കാരിയായ നടി പറഞ്ഞു. കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടന്‍ ഇമെയില്‍ അയക്കുമെന്നും നടി പറഞ്ഞു. തനിക്ക് സര്‍ക്കാരില്‍ നിന്നും പിന്തുണ കിട്ടിയില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്‌സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
മാധ്യമങ്ങളില്‍ നിന്നുപോലും പിന്തുണ കിട്ടാത്തതിനാലാണ് പരാതികള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും നടി പറഞ്ഞു. നടന്മാരായ എം മുകേഷ് എംഎല്‍എ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവര്‍ക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. സംസ്ഥാനത്ത് വന്‍ വിവാദമായി മാറിയ സംഭവത്തിലാണ് നടിയുടെ പിന്മാറ്റം.