വയനാട്ടിൽ എൽഡിഎഫ്-യുഡിഎഫ് ഹര്‍ത്താൽ; ലക്കിടിയിൽ വാഹനങ്ങള്‍ തടഞ്ഞു
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രസഹായം വൈകുന്നതിനെതിരെ പ്രഖ്യാപിച്ച ഹര്‍ത്താല്‍ വയനാട്ടില്‍ തുടങ്ങി. യു.ഡി.എഫും എല്‍.ഡി.എഫുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ വാഹനങ്ങള്‍ നിരത്തിലിറക്കാതെയും കടകളടച്ചും ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് ഇരു മുന്നണികളും ആഹ്വാനം ചെയ്തിട്ടുണ്ട്.
ലക്കിടിയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. രാവിലെ കല്‍പ്പറ്റ നഗരത്തില്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ ഓടുന്നുണ്ട്. കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി മേഖലകളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് യുഡിഎഫ് രാവിലെ മാര്‍ച്ച് നടത്തും. ചൂരല്‍മലയിലെയും മുണ്ടക്കൈയിലേയും വന്‍ഉരുള്‍പൊട്ടലില്‍ 450 ലേറെ പേര്‍ മരിക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയാണ് യു.ഡി.എഫ് ഹര്‍ത്താല്‍ നടത്തുന്നത്. കേന്ദ്രസഹായം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എല്‍.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിരിക്കുന്നത്. വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ചൂരല്‍മല മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ദേശീയ ദുരന്തത്തിന്റെ മാനദണ്ഡത്തിനുള്ളില്‍ വരുന്നതല്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അറിയിച്ചു.
കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് സംസ്ഥാനത്തിനുവേണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ചൂരല്‍മല മണ്ണിടിച്ചില്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്നായിരുന്നു കത്തില്‍ മുന്നോട്ടുവെച്ച ആവശ്യം. ഈ കത്തിമുളഴ്‌ള മറുപടിയിലാണ് കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
പ്രളയവും ഉരുള്‍പൊട്ടലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നിലവിലെ മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ല. അതിനാല്‍തന്നെ ദേശീയ ദുരന്തത്തിന്റെ കീഴില്‍ വയനാട് ഉരുള്‍പൊട്ടലിനെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കില്ല. ഈ സാമ്പത്തിക വര്‍ഷം കേരളത്തിന്റെ ദുരന്ത നിവാരണ ഫണ്ടിലേയ്ക്ക് 300 കോടിയിലധികം തുക കേന്ദ്രം നല്‍കിയിട്ടുണ്ട്. അതിനാല്‍ ഇത്തരം ദുരന്തങ്ങളെ നേരിടാന്‍ ആവശ്യമായ തുക ഇതില്‍ നിന്നും ചിലവഴിക്കാമെന്നുമാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.
ദുരന്തം ഉണ്ടായതിന് പിന്നാലെ ഓഗസ്റ്റില്‍ കേന്ദ്ര തലത്തിലെ അംഗങ്ങള്‍ ദുരന്തബാധിത മേഖലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ സഹായം സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ടെന്നും കത്തിന് മറുപടിയായി കേന്ദ്ര മന്ത്രി വ്യക്തമാക്കുന്നു.