മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങള്‍ മരിച്ച സംഭവം; കോഴിക്കോട് ബീച്ചിലെ അനധികൃത വഴിയോര കച്ചവടങ്ങള്‍ ഒഴിപ്പിച്ചു
കോഴിക്കോട്: കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ച് തലശ്ശേരി സ്വദേശികളായ സഹോദരങ്ങള്‍ മരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ബീച്ചില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യാപക പരിശോധന നടത്തി. കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ മുനവര്‍ റഹ്‌മാന്റെ നേതൃത്വത്തില്‍ നാല് സ്‌ക്വാഡുകളായാണ് പരിശോധന നടത്തിയത്. മരിച്ചവര്‍ക്ക് മഞ്ഞപ്പിത്തം ബാധിക്കാനിടയായത് കോഴിക്കോട് ബീച്ചിൽ നിന്ന് ഭക്ഷണം കഴിച്ചതിനാലാണെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
ബീച്ചിലെ ഓപ്പണ്‍ സ്റ്റേജ് പരിസരത്തും സൗത്ത് ബീച്ച്, ഭട്ട് റോഡ്, പുതിയങ്ങാടി ഭാഗങ്ങളിലും ആരോഗ്യ വകുപ്പ് അധികൃതരുടെ പരിശോധന നടന്നു. പരിശോധനയിൽ 19 കച്ചവടക്കാര്‍ക്ക് പിഴയിട്ടു. ബീച്ച് കൈയേറി കച്ചവടം നടത്തിയതായി പരിശോധനയില്‍ കണ്ടെത്തിയ കടക്കാരെ ഒഴിപ്പിച്ചു. ബീച്ചിനടുത്തുള്ള കച്ചവട സ്ഥാപനങ്ങളെല്ലാം ആരോഗ്യ വിഭാഗം പൊളിച്ചുമാറ്റി. വൃത്തിഹീനമായി ഭക്ഷണം കൈകാര്യം ചെയ്തതായി കണ്ടവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.