വിഷപ്പുകയിൽ വലഞ്ഞ് രാജ്യതലസ്ഥാനം; വായുമലിനീകരണം ‘സിവിയർ പ്ലസ്’ വിഭാഗത്തിൽ

വിഷപ്പുകയിൽ വലഞ്ഞ് രാജ്യതലസ്ഥാനം; വായുമലിനീകരണം ‘സിവിയർ പ്ലസ്’ വിഭാഗത്തിൽ

ന്യൂ ഡല്‍ഹി: വായുമലിനീകരണം അതീവ ഗുരുതര വിഭാഗത്തിലേക്ക് വീണതോടെ എപ്പോള്‍ വേണമെങ്കിലും രോഗങ്ങള്‍ പിടികൂടാമെന്ന അവസ്ഥയിലേക്കെത്തി ഡല്‍ഹി നിവാസികള്‍. എല്ലാവരും തികഞ്ഞ ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.

വായു ഗുണനിലവാര സൂചികയുടെ ശരാശരി 452 ആയി ഉയര്‍ന്നതാണ് പ്രതിസന്ധിയായത്. 24 മണിക്കൂറിലെ വായു ഗുണനിലവാര സൂചികയുടെ ശരാശരി 418 ആണ്. ചൊവ്വാഴ്ച വൈകുന്നേരം വരെ 334 ആയിരുന്ന ഗുണനിലവാരമാണ് പൊടുന്നനെ അതീവ ഗുരുതര വിഭാഗത്തിലേക്ക് കൂപ്പുകുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിലെ ഏറ്റവും മോശം അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. കൂടാതെ കഴിഞ്ഞ രണ്ടാഴ്ചയായി മലിനീകരണം രൂക്ഷമായിത്തന്നെ തുടരുകയുമാണ്.

അതേസമയം, വായുമലിനീകരണ വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാരിനെ അതിരൂക്ഷമായി സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. അന്തരീക്ഷം മലിനമാക്കുന്നതിനെ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് പറഞ്ഞ സുപ്രീംകോടതി മലിനീകരണം ഇല്ലാതെയാക്കാന്‍ എന്ത് നിലപാടാണ് എടുത്തതെന്ന് സര്‍ക്കാരിനോട് വിശദീകരിക്കാനും ആവശ്യപ്പെട്ടിരുന്നു.

ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, എജി മാസി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതായിരുന്നു നിര്‍ദ്ദേശം. മലിനീകരണമില്ലാത്ത അന്തരീക്ഷത്തില്‍ ജീവിക്കാന്‍ ഒരു പൗരന് മൗലികാവകാശമുണ്ട് എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പടക്കങ്ങള്‍ പൊട്ടിക്കുന്നത് പൗരന്റെ ആരോഗ്യത്തെ ബാധിക്കുന്നുവെന്നും പറഞ്ഞ കോടതി പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതില്‍ നിലപാട് അറിയിക്കാന്‍ ഡല്‍ഹി സര്‍ക്കാരിനോടും ഡല്‍ഹി പൊലിസ് കമ്മീഷണറോടും നിര്‍ദേശിച്ചിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )