പരിഷ്‌കൃത സമൂഹങ്ങളില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യം; ബുള്‍ഡോസര്‍ രാജ് വേണ്ടെന്ന് സുപ്രീം കോടതി
ഡല്‍ഹി: ബുള്‍ഡോസര്‍ രാജ് വേണ്ടെന്ന് സുപ്രീം കോടതി. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാളുടെ വാസസ്ഥലം എങ്ങനെ തകര്‍ക്കാനാകുമെന്ന് സുപ്രീംകോടതി ചോദിച്ചു. പ്രതികളുടെ വീടുകള്‍ തകര്‍ക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സര്‍ക്കാര്‍ സംവിധാനത്തിന് ഒരു വ്യക്തി കുറ്റക്കാരനാണെന്ന് എങ്ങനെ പറയാനാകും. അങ്ങനെ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. കോടതിയുടെ ജോലി സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട. പാര്‍പ്പിടം ജന്മാവകാശമെന്നും സുപ്രീംകോടതി. നിരാലംബരായ സ്ത്രീകളേയും കുട്ടികളേയും തെരുവിലേക്ക് വലിച്ചിഴക്കാനാവില്ല. അത് നിയമവാഴ്ചയെ തകര്‍ക്കുന്ന നടപടിയാകുമെന്ന് പറഞ്ഞ കോടതി അനധികൃത നിര്‍മ്മാണങ്ങളുടെ കാര്യത്തിലല്ല ഈ നിര്‍ദേശങ്ങളെന്നും വ്യക്തമാക്കി.
ബുള്‍ഡോസര്‍ നീതി പരിഷ്‌കൃത സമൂഹങ്ങളില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്ന് സുപ്രിംകോടതി പറഞ്ഞു. അഴിമതി ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയെന്ന കേസിലാണ് നിര്‍ണായക നിരീക്ഷണം. മാധ്യമപ്രവര്‍ത്തകനായ മനോജ് തിബ്രവാല്‍ ആകാശിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധിയിലാണ് നിര്‍ണായകമായ നിരീക്ഷണങ്ങളുള്ളത്. ഉത്തര്‍പ്രദേശിലെ മഹാരാജ് ഗഞ്ചിലെ മനോജ് തിബ്രവാലിന്റെ കുടുംബവീടാണ് 2019ല്‍ ദേശീയപാത വികസനത്തിനെന്ന പേരില്‍ പൊളിച്ചത്. റോഡ് പദ്ധതിയില്‍ 185 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന വാര്‍ത്ത നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ബുള്‍ഡോസര്‍ കൊണ്ടുവന്ന് വീട് തകര്‍ത്തത്. വീട് തകര്‍ക്കുന്നതിന് മുമ്പ് ഡ്രമ്മുകളുമായി അധികൃതര്‍ കൊട്ടുംപാട്ടും നടത്തി ആളെ കൂട്ടുകയും ചെയ്തു. എട്ടു മീറ്റര്‍ സ്ഥലം ഈ വീട്ടുടമ കൈയ്യേറിയെന്നാണ് അധികൃതര്‍ പ്രഖ്യാപിച്ചത്. യോഗി സര്‍ക്കാരിന്റെ പ്രധാന ആയധമായിരുന്നു നിയമവിരുദ്ധരെ ബുള്‍ഡോസര്‍ കൊണ്ട ആക്രമിച്ച് അവരുടെ വാസ സ്ഥലമോ മറ്റ് കെട്ടിടങ്ങളോ നശിപ്പിക്കുക എന്നത്
ബുള്‍ഡോസറുകള്‍ ഭരണകൂട ആയുധം ഈ നടപടികളെല്ലാം തികഞ്ഞ അധികാര ദുര്‍വിനിയോഗമാണെന്ന് ഉത്തരവില്‍ സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ” സര്‍ക്കാരിലെ ഏതെങ്കിലും വകുപ്പുകള്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അതീവ ഗുരുതരമായ വിഷയമാണ്. പൗരന്‍മാരുടെ സ്വത്തുകള്‍ ഇത്തരത്തില്‍ നശിപ്പിക്കാന്‍ അവസരമുണ്ടാവുന്നത് ബാഹ്യതാല്‍പര്യങ്ങളാല്‍ പ്രചോദിതമായ പ്രതികാര നടപടികള്‍ക്കും കാരണമാവും.”-വിരമിക്കുന്നതിന് മുമ്പ് ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തയ്യാറാക്കിയ വിധി പറയുന്നു. വീടോ സ്വത്തോ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പൗരന്‍മാരുടെ ശബ്ദത്തെ ഇല്ലാതാക്കാനാവില്ലെന്നും കോടതി പറഞ്ഞു. ”ഒരു മനുഷ്യന്റെ സുരക്ഷയുടെ അടിത്തറ അയാളുടെ വീടാണ്. ലളിതമായി പറഞ്ഞാല്‍ ബുള്‍ഡോസര്‍ നീതി ഒരുകാരണവശാലും അംഗീകരിക്കാനാവില്ല. അത് അംഗീകരിക്കുകയാണെങ്കില്‍ സ്വത്തവകാശം സംബന്ധിച്ച ഭരണഘടനയുടെ 300ാം അനുഛേദം കടലാസില്‍ ഒതുങ്ങും. അനധികൃത കൈയേറ്റം തടയാന്‍ നിരവധി നിയമങ്ങളുണ്ട്. അവയാണ് സര്‍ക്കാര്‍ ഉപയോഗിക്കേണ്ടത്. ബുള്‍ഡോസര്‍ ഉപയോഗം നിയമവാഴ്ച്ചക്ക് എതിരാണ്.” -കോടതി ചൂണ്ടിക്കാട്ടി.