മേപ്പാടി ഭക്ഷ്യവിഷബാധ; റോഡ് ഉപരോധിച്ച് സിപിഐഎം പ്രവർത്തകർ, അറസ്റ്റ് ചെയ്ത് നീക്കി
വയനാട്: ദുന്തബാധിതര്‍ക്ക് വിതരണം ചെയ്ത പഴകിയ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിച്ച് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തില്‍ സിപിഐഎം പ്രതിഷേധം. മേപ്പാടിയില്‍ നിരവധി സിപിഐഎം പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു.
കോണ്‍ഗ്രസ് ഭരിക്കുന്ന മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തിനിന്ന് ഗുരുതര വീഴ്ചയുണ്ടായി എന്ന നിലപാടിലാണ് സിപിഐഎം. റോഡില്‍ വാഹനങ്ങളുടെ നീണ്ട നിരയായതോടെ പ്രവര്‍ത്തകരെ മാറ്റാന്‍ പൊലീസ് ശ്രമം തുടങ്ങി. എന്നാല്‍ പിന്മാറാന്‍ തയ്യാറാകാതെ നിന്ന പ്രവര്‍ത്തകര്‍ ശക്തമായി പ്രതിരോധിച്ചതോടെ പോലീസുമായി ഉന്തും തള്ളുമായി. ശേഷം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അതേസമയം, മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് പഴകിയ അരിയും മറ്റും വിതരണം ചെയ്ത സംഭവം ഗുരുതരമായ പ്രശ്‌നം തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചേലക്കരയില്‍ യു ആര്‍ പ്രദീപിന് വേണ്ടി പ്രചാരണത്തിനെത്തിയപ്പോളാണ് പ്രസംഗത്തില്‍ മുഖ്യമന്ത്രി വയനാട് പരാമര്‍ശിച്ചത്. ദുരന്തബാധിതര്‍ക്ക് സഹായം എത്തിക്കാന്‍ പല സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കിയിരുന്നു. ഇപ്പോളുണ്ടായ സംഭവം ആശ്ചര്യകരമാണ്. പ്രാദേശിക സര്‍ക്കാരാണ് പഴയ സാധനങ്ങള്‍ വിതരണം ചെയ്തത് എന്ന് കേള്‍ക്കുന്നു. അവ വിതരണം ചെയ്തതിന്റെ ഉദ്ദേശം എന്താണ്? പാവപ്പെട്ടവരെ സഹായിക്കാനാണോ അതോ മേന്മ കാണിക്കാന്‍ നടത്തിയ നീക്കമാണോ എന്നെല്ലാം അറിയണം. അതിനാലാണ് വിജിലന്‍സിനെ ചുമതലപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.