പോലീസുകാര്‍ക്കെന്താ ഈ ഹോട്ടലില്‍ കാര്യം…അര്‍ധരാത്രിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പോലീസ് പരിശോധന; പാലക്കാട് സംഘര്‍ഷം
പാലക്കാട്: തിരഞ്ഞെടുപ്പിന് കള്ളപ്പണം എത്തിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലിലും മുറികളിലും അര്‍ദ്ധരാത്രി പൊലീസ് പരിശോധന. പാലക്കാട് കെപിഎം റീജന്‍സി എന്ന ഹോട്ടലിലായിരുന്നു പൊലീസ് പരിശോധന. വികെ ശ്രീകണ്ഠന്‍, ജ്യോതികുമാര്‍ ചാമക്കാല തുടങ്ങിയ നേതാക്കള്‍ ഹോട്ടലില്‍ ഉണ്ടായിരുന്നപ്പോളാണ് മൂന്ന് നിലകളിലായി പൊലീസ് പരിശോധന നടത്തിയത്. പൊലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. ഒരുഘട്ടത്തില്‍ ഹോട്ടലില്‍ തടിച്ച് കൂടിയ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു.
പൊലീസ് ഇടപെട്ടാണ് കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍ എന്നിവരും ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്നാണ് സിപിഐഎം ആരോപണം. വനിതാ പൊലീസ് ഇല്ലാതെ റൂമില്‍ പോലിസ് ഇരച്ചു കയറിയെന്ന് ബിന്ദുകൃഷ്ണ ആരോപിച്ചു. ആദ്യ ഘട്ടത്തില്‍ വനിതാ പൊലീസ് ഇല്ലാതെ വന്ന പൊലീസ് സംഘത്തിന് മടങ്ങിപ്പോകേണ്ടിവന്നു. എന്നാല്‍ പിന്നീട് വനിതാ പൊലീസുമായി വന്ന് ഉദ്യോഗസ്ഥര്‍ പരിശോധന പൂര്‍ത്തിയാക്കി.
ബിജെപിക്കാരുടെ മുറിയില്‍ പോലും കയറാത്ത പൊലീസ് നേതാക്കള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ താമസിക്കുന്ന മുറികളില്‍ ഇരച്ചുകയറി എന്നും അവര്‍ ആരോപിക്കുന്നു. പരിശോധനയില്‍ പക്ഷെ ഒന്നും കണ്ടെത്താനായില്ല. ഇതിനിടെ പൊലീസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കേറ്റവുമുണ്ടായി. ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. റൂം നമ്പര്‍ 1005 പരിശോധിക്കണം എന്ന് പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ സ്ത്രീകള്‍ താമസിക്കുന്ന മുറി തുറക്കാന്‍ ആകില്ലെന്ന് നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ഷാനിമോള്‍ ഉസ്മാന്റെ മുറിയില്‍ പോലിസ് പ്രവേശിച്ച പൊലീസ് പരിശോധന നടത്തി.
എന്നാല്‍ മുറിയില്‍ നിന്ന് ഒന്നും ലഭിച്ചില്ലെന്ന് അറിഞ്ഞ ശേഷം ഒരു വനിതാ പൊലീസ് പ്രതിനിധിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുവെക്കുകയും ചെയ്തു. ശേഷം ഷാനിമോള്‍ ഉസ്മാന്റെ മുറിയില്‍ ഇലക്ഷന്‍ കമ്മീഷന്‍ പ്രതിനിധികളുടെ പരിശോധനയും ഉണ്ടായി.ഇതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളുമായി രൂക്ഷമായ വാക്ക്തര്‍ക്കമാണ് ഉണ്ടായത്. ശേഷം ഒന്നും ലഭിച്ചില്ലെന്ന് പൊലീസ് തന്നെ എഴുതിക്കൊടുത്തു. പൊലീസിന്റെ ഈ പാതിരാ പരിശോധന രാഷ്ട്രീയ കയ്യാങ്കളിക്ക് കൂടിയാണ് വഴിയൊരുക്കിയത്. സിപിഐഎം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവുമുണ്ടായി. പരസ്പരം വാദപ്രതിവാദങ്ങളുമായി സിപിഎം പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തിയതോടെ സംഘര്‍ഷാസമാനമായ സാഹചര്യമായിരുന്നു പാലക്കാട് ഉടലെടുത്തത്.