‘മോദി ശ്രമിക്കുന്നത് വഖഫിനെ ഇല്ലാതാക്കാൻ, മുകേഷ് അംബാനിയുടെ വീടും വഖഫ് ഭൂമിയിൽ’: ഉവൈസി
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീട് സ്ഥിതി ചെയ്യുന്നത് വഖഫ് ബോർഡിന്റെ സ്ഥലത്താണ് എന്ന ആരോപണവുമായി എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ടി.വി9ന് നൽകിയ അഭിമുഖത്തിലാണ് ഉവൈസിയുടെ ഈ പരാമർശം. വഖഫ് ഭൂമിയിലാണോ മുകേഷ് അംബാനിയുടെ വീട് സ്ഥിതി ചെയ്യുന്നതെന്ന ചോദ്യത്തിന് അതെയെന്ന മറുപടിയാണ് ഉവൈസി നൽകിയത്.
രാജ്യത്തിന്റെ പ്രധാനമന്ത്രി മോദി ശ്രമിക്കുന്നത് നിയമഭേദഗതികളിലൂടെ വഖഫിനെ ഇല്ലാതാക്കാനാണ്. എന്നാൽ ഒരിക്കലും അതിന് സാധിക്കില്ല. പരിഷ്കരണ ബില്ലിൽ ഒരു വ്യവസ്ഥയുണ്ട്, അതനുസരിച്ച് വഖഫ് ഇതര സ്വത്തായി നിങ്ങൾ പരിഗണിക്കുന്ന വസ്തുവിനെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകാം. തുടർന്ന് അന്വേഷണത്തിന് ഉത്തരവിടുകയും വഖഫ് ഭൂമി ബോർഡിൽ നിന്ന് ഏറ്റെടുക്കുകയും ചെയ്യുമെന്നും ഉവൈസി പറഞ്ഞു.
ഇനി ഒരു ദിവസം താൻ പാർലമെന്റിൽ നമസ്കരിച്ചാൽ ആ കെട്ടിടം എന്റേതായി മാറുമോ. ഞാൻ ഒരു പ്രത്യേക ഭൂമിയുടെ ഉടമയാണെങ്കിൽ അത് അല്ലാഹുവിന്റെ നാമത്തിൽ ദാനം ചെയ്യാൻ തനിക്ക് മാത്രം അധികാരമുള്ളുവെന്നും അസദ്ദുദ്ദീൻ ഉവൈസി പറഞ്ഞു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രചാരങ്ങളിൽ ശക്തമായ ഒന്ന് മുസ്ലിം സമുദായം അനധികൃതമായി ഭൂമി കൈവശംവെച്ചുവെന്നത് ആണ്. അത് തീർച്ചയായും ഒരു ബി.ജെ.പി-ആർ.എസ്.എസ് പ്രചാരണം മാത്രമാണ്.അങ്ങനെയൊന്നും ഇവിടെയില്ല.
കേന്ദ്ര വഖഫ് കൗൺസിലിലും വഖഫ് ബോർഡുകളിലും സംസ്ഥാന വഖഫ് ബോർഡുകളിലും അമുസ്ലിംകൾ നിർബന്ധമാക്കുകയും, വഖഫ് സ്വത്ത് നിർണയിക്കാനുള്ള അധികാരം സർവേ കമ്മീഷണറിൽനിന്ന് എടുത്തുമാറ്റി ജില്ല കലക്ടർക്ക് നൽകുകയും ചെയ്യുന്നതടക്കം നിരവധി വിവാദ വ്യവസ്ഥകളുള്ള ബില്ലാണ് നിലവിൽ കേന്ദ്രസർക്കാർ കൊണ്ടു വരുന്നത്. ഇതിനെതിരെ വഖഫ് ബോർഡും രംഗത്തുണ്ട്.