ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ട് യുവതികള്‍ പിടിയില്‍
തിരുവനന്തപുരം: ടെക്നോപാര്‍ക്കില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ രണ്ട് യുവതികള്‍ പിടിയിലായി. കുണ്ടറ ഇളംമ്പള്ളൂര്‍ സ്വദേശി വിഷ്ണുപ്രിയ, മരുത്തടി സ്വദേശി മിദ്യദത്ത് എന്നിവരെയാണ് ഓച്ചിറയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജമായി നിയമന ഉത്തരവ് തയ്യാറാക്കിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത് എന്നാണ് വിവരം.
തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ജോലി ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് ക്ലാപ്പന സ്വദേശിയില്‍ നിന്ന് എഴുപതിനായിരം രൂപ കൈക്കലാക്കുകയായിരുന്നു. പിന്നീട് വ്യാജ നിയമന ഉത്തരവ് കൈമാറി പ്രതികള്‍ മൂന്ന് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. നിയമന ഉത്തരവിലെ അക്ഷരത്തെറ്റ് കണ്ട് സംശയം തോന്നിയ ക്ലാപ്പന സ്വദേശി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ഓച്ചിറ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ഇബ്രാഹിംകുട്ടിയുടെ നേതൃത്വത്തില്‍ എസ്പിഒ മാരായ അനു, സെബിന്, സബീദ, ഷംന എന്നിവരുടെ സംഘം പ്രതികളെ പിടികൂടുകയായിരുന്നു. ഒന്നാം പ്രതിയായ വിഷ്ണുപ്രിയയെ കെ.എം.എം.എല്ലില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ നേരത്തെ ചവറ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് ഇവര്‍ വീണ്ടും തട്ടിപ്പ് നടത്തിയിരിക്കുന്നത്.