വെടിനിര്‍ത്തലിന് തയ്യാറെന്ന് ഹിസ്ബുള്ള തലവൻ നയിം ഖാസിം
ലെബനന്‍: വ്യവസ്ഥകളോടെ ഇസ്രയേലുമായി സന്ധിക്ക് തയ്യാറെന്ന് അറിയിച്ച് ഹിസ്ബുള്ളയുടെ പുതിയ തലവന്‍ നയിം ഖാസിം. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിലെല്ലാം ഇസ്രയേലി സൈന്യം ബോംബാക്രമണം തുടരുന്ന സാഹചര്യത്തലാണ് വെടിനിര്‍ത്തലിന് തയ്യാറുള്ളതായി ഹിസ്ബുള്ള തലവന്‍ വ്യക്തമാക്കിയത്.
കഴിഞ്ഞ ആഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന ഹിസ്ബുള്ള നേതാവ് അടക്കം നിരവധിപേര്‍ കൊല്ലപ്പെട്ടിരുന്നു. ബാല്‍ബെക്കില്‍ മാത്രം ഈ ആഴ്ച 19 പേര്‍ കൊല്ലപ്പെട്ടിട്ടുള്ളതായി ലെബനന്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
സായുധ സംഘത്തിന്റെ ഉപമേധാവിയായിരുന്ന നയിം ഖാസിം ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹസന്‍ നസ്രള്ള കൊല്ലപ്പെട്ടതോടെയാണ് പുതിയ മേധാവിയായി സ്ഥാനമേറ്റത്. അക്രമം നിര്‍ത്തണമെന്ന് ഇസ്രയേലികള്‍ തീരുമാനിക്കുകയാണെങ്കില്‍, ഞങ്ങളും തയ്യാറാണ് എന്നാണ് പറയാനുള്ളത്. പക്ഷേ ഞങ്ങളുടെ നിബന്ധനകള്‍ അവര്‍ അംഗീകരിക്കേണ്ടിവരും എന്ന് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നയിം ഖാസിം പറഞ്ഞു.