‘പിപി ദിവ്യയ്ക്ക് ബിനാമി ഇടപാടുകള്‍’ ; വിജിലന്‍സില്‍ പരാതി നല്‍കി ആം ആദ്മി പാര്‍ട്ടി

‘പിപി ദിവ്യയ്ക്ക് ബിനാമി ഇടപാടുകള്‍’ ; വിജിലന്‍സില്‍ പരാതി നല്‍കി ആം ആദ്മി പാര്‍ട്ടി

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയുടെ ബിനാമി ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിജിലന്‍സില്‍ പരാതി നല്‍കി. എഎപിയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഷാജി തെക്കേമുറിയിലാണ് പരാതി നല്‍കിയത്. കണ്ണൂര്‍ ധര്‍മശാല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് ലഭിച്ച ഉപകരാറുകളിന്‍മേലുള്ള ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാണ് പരാതി.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച 13 കോടിയുടെ ഉപകരാറുകളില്‍ 12 കോടി 81 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ക്കുള്ള ഉപകരാറുകള്‍ ലഭിച്ചത് ഈ കമ്പനിക്കാണ്. അതില്‍ ദുരൂഹതയുണ്ടെന്നും ഇതിലെ ബിനാമി ഇടപാടുകള്‍ അന്വേഷിക്കണം എന്നുമാണ് ആവശ്യം. 2021 ജൂലൈ രണ്ടിനാണ് ഈ കമ്പനി രൂപീകരിക്കുന്നത്. അതിനു പിന്നാലെ പൊതു മേഖല സ്ഥാപനമായ സില്‍ക് വഴി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയിട്ടുള്ള പദ്ധതികളും, നിര്‍മാണ പ്രവര്‍ത്തികളും എല്ലാം ഒരേ സ്ഥാപനത്തിന് ഉപകരാര്‍ ലഭിക്കുന്നു. ഇത് സംശയകരമാണ്. സില്‍ക്കിന് ഈ ഇനത്തില്‍ ചെറിയ തുകയാണ് ലഭിച്ചത്. ബാക്കി 12 കോടി 44 ലക്ഷം രൂപയും കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡിനാണ് ലഭിച്ചത്. എന്തുകൊണ്ടാണ് ഒരേ കമ്പനിക്ക് മാത്രം ഉപകരാര്‍ ലഭിച്ചത്. ഇതില്‍ ദുരൂഹതയുണ്ട്. വിജിലന്‍സ് അന്വേഷണം വേണമെന്നും പരാതിയില്‍ പറയുന്നു.

അതേസമയം കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ പ്രതിയായ പി.പി. ദിവ്യ കീഴടങ്ങിയേക്കുമെന്ന് അഭ്യൂഹമുണ്ട്. അന്വേഷണ സംഘത്തിന് മുമ്പാകെ എത്താന്‍ ദിവ്യക്ക് മേല്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ സമ്മര്‍ദ്ദം ഉണ്ടെന്നാണ് സൂചന. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുക. നവീന്‍ ബാബുവിനെ ഏതെങ്കിലും തരത്തില്‍ അപമാനിക്കുക ആയിരുന്നില്ല ദിവ്യയുടെ ഉദ്ദേശമെന്നും ഈ പരാമര്‍ശം വഴി അഴിമതിക്കെതിരേയുള്ള പോരാട്ടമാണ് ലക്ഷ്യമിട്ടതെന്നുമാണ് കോടതിയില്‍ ദിവ്യയുടെ അഭിഭാഷകനായ കെ. വിശ്വന്‍ വാദിച്ചത്. സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ ഒരു ദിവസം 250 കിലോമീറ്റര്‍ സഞ്ചരിക്കുന്നയാളാണ്, 24 മണിക്കൂറും സജീവമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകയാണ്, ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന വ്യക്തിയാണ് തുടങ്ങിയ വാദങ്ങളും കോടതിയില്‍ ഉന്നയിച്ചു.

ദിവ്യ നടത്തിയത് വ്യക്തിഹത്യയാണെന്നും ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്നും മാധ്യമങ്ങളെ വിളിച്ച് വരുത്തി ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തത് ആസൂത്രിതമായാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണ്. വ്യക്തിഹത്യയാണ് മരണകാരണം. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് കളക്ടറുടെ മൊഴിയുണ്ട്. ദിവ്യയുടെ പ്രസംഗം വ്യക്തമായ ഭീഷണി സ്വരത്തിലായിരുന്നു. രണ്ട് ദിവസം കൊണ്ട് എല്ലാം വ്യക്തമാകുമെന്ന് പറഞ്ഞത് ഇതിന്റെ അടിസ്ഥാനത്തിലാണ്

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )