ഇറച്ചിക്കടയുടെ മുന്നില്‍ പട്ടി നില്‍ക്കുന്നതുപോലെയാണ് മാധ്യമപ്രവര്‍ത്തകര്‍…പരാമര്‍ശത്തില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍

ഇറച്ചിക്കടയുടെ മുന്നില്‍ പട്ടി നില്‍ക്കുന്നതുപോലെയാണ് മാധ്യമപ്രവര്‍ത്തകര്‍…പരാമര്‍ശത്തില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍

പാലക്കാട്: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍ എന്‍ കൃഷ്ണദാസിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ശക്തമായ വിമര്‍ശനത്തിന് നല്ല ഭാഷ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എന്‍ എന്‍ കൃഷ്ണദാസിന്റെ പരാമര്‍ശം സിപഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു തള്ളി. കൃഷ്ണദാസിന്റേത് പാര്‍ട്ടിയുടെ നിലപാടല്ലെന്നായിരുന്നു സുരേഷ് ബാബുവിന്റെ പ്രതികരണം. കൃഷ്ണദാസിന്റെ വിമര്‍ശനത്തിന് ഇടയാക്കിയത് മാധ്യമങ്ങളാണെന്നും മാധ്യമങ്ങളോട് പാര്‍ട്ടിക്ക് എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

ചോദ്യങ്ങള്‍ക്കുത്തരം നല്‍കുന്നതിന് പകരം അത്യന്തം പ്രകോപിതനായി ഇറച്ചിക്കടയുടെ മുന്നില്‍ പട്ടി നില്‍ക്കുന്നതുപോലെ മാധ്യമപ്രവര്‍ത്തകര്‍ പോയി നില്‍ക്കുമെന്നാണ് അദ്ദേഹം രോഷാകുലനായി പറഞ്ഞത്. അങ്ങനെയൊന്നും പറയേണ്ട കാര്യമില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അങ്ങനെ തന്നെ പറയുമെന്നായിരുന്നു അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ വിലക്കിയിട്ടും എന്‍.എന്‍. കൃഷ്ണദാസ് മാധ്യമപ്രവര്‍ത്തകരോട് അപര്യാദയായി പെരുമാറുകയായിരുന്നു

സാക്ഷര കേരളത്തിന് നിരക്കാത്ത രീതിയില്‍ എന്‍ എന്‍ കൃഷ്ണദാസ് നടത്തിയ നിലവാരം കുറഞ്ഞ പ്രസ്താവനയിലും പെരുമാറ്റത്തിലും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസമാണ് എന്‍ എന്‍ കൃഷ്ണദാസ് മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയത്. സിപിഐഎം വിടുകയാണെന്ന് പറഞ്ഞ അബ്ദുള്‍ ഷുക്കൂറിനെ അനുനയിപ്പിച്ച് കണ്‍വെന്‍ഷനില്‍ കൊണ്ടുവന്നതിന് പിന്നാലെയായിരുന്നു കൃഷ്ണദാസിന്റെ പരാമര്‍ശം.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )