ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള അഭിഭാഷകന്റെ ഹർജി സുപ്രീം കോടതി തള്ളി. . ഹർജിക്കാരൻ എന്തുകൊണ്ട് ഹൈകോടതിയെ സമീപിച്ചില്ലെന്ന് സുപ്രീംകോടതി ചോദിച്ചു, കേസുമായി അഭിഭാഷകനുള്ള ബന്ധമടക്കം ചോദ്യം ചെയ്താണ് കോടതി ഹർജി തള്ളിയത്. സംസ്ഥാന സര്‍ക്കാര്‍ അഞ്ച് വര്‍ഷം റിപ്പോര്‍ട്ട് പുറത്ത് വിടാത്തതില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് അഭിഭാഷകനായ അജീഷ് കളത്തിലാണ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

അഭിഭാഷകനായ അജീഷ് കളത്തില്‍ ഗോപിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍, സി.ബി.ഐ, ദേശീയ വനിത കമീഷന്‍, സംസ്ഥാന പൊലീസ് മേധാവി എന്നിവരെ എതിര്‍ കക്ഷികളാക്കിയായിരുന്നു ഹർജി.നേരത്തെ, ജസ്റ്റിസ് ഹേമ കമ്മിറ്റി മുമ്പാകെ മൊഴി നൽകിയ നടിമാരുടെ പരാതികളിൽ കേസെടുക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് അനുമതി നൽകിയ കേരള ഹൈകോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.

സിനിമാരംഗത്തുനിന്ന് ലൈംഗിക പരാതികളുയർന്നപ്പോൾ ചട്ടവിരുദ്ധമായി ഹേമ കമ്മിറ്റിയെ നിയമിച്ചതും ആ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം അഞ്ച് വര്‍ഷത്തോളം സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കാതിരുന്നതും ഒടുവിൽ അന്വേഷണത്തിന് തയാറായപ്പോൾ വ്യക്തിപരമായ പരാതികളിലാണ് നടപടിയെന്ന് വ്യക്തമാക്കിയതും അട്ടിമറി നീക്കമാണെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു. നിലവിൽ സുപ്രീംകോടതിയുടെ രണ്ട് ബെഞ്ചുകൾ ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട രണ്ട് കേസുകൾ പരിഗണിക്കുന്നതിനിടയിലാണ് മൂന്നാമതൊരു ബെഞ്ചിൽ മറ്റൊരു കേസ് കൂടി എത്തിയത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )