പാട്ടുപാടും എന്നല്ലാതെ എനിക്ക് മറ്റൊന്നും അറിയില്ല. രമ്യാ ഹരിദാസിനെ കളിയാക്കിയതല്ല. പറഞ്ഞത് ലിപ്സ്റ്റിക് ധരിക്കുന്ന ആണുങ്ങളെക്കുറിച്ചെന്ന് പിവി അന്‍വര്‍
തിരുവനന്തപുരം: ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി പി വി അന്‍വര്‍. താന്‍ ലിപ്സ്റ്റിക് ധരിക്കുന്ന ആണുങ്ങളെ കുറിച്ചാണ് പറഞ്ഞതെന്നാണ് പി വി അന്‍വറിന്റെ വിശദീകരണം. ലിപ്സ്റ്റിക് സ്ത്രീകള്‍ക്ക് ഇടാനുള്ളതാണ്. അതില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. ചില കമ്മ്യൂണിറ്റിയുടെ വോട്ട് വാങ്ങി ജയിച്ച എംഎല്‍എമാരും എംപിമാരും ആ കമ്മ്യൂണിറ്റിയ്ക്ക് വേണ്ടി നില്‍ക്കുന്നില്ല. ജയിച്ചുകഴിഞ്ഞാല്‍ അവര്‍ക്ക് ആ കമ്മ്യൂണിറ്റിയില്‍ നിന്നാണെന്ന് പറയാന്‍ പോലും താത്പര്യമില്ലെന്നും അന്‍വര്‍ പറഞ്ഞു.
‘ഞാന്‍ ഒരിക്കലും അവര്‍ ലിപ്സ്റ്റിക്ക് ഇടുന്നതിനെ കുറിച്ച് സംസാരിച്ചിട്ടില്ല. ലിപ്സ്റ്റിക്ക് സ്ത്രീകള്‍ക്ക് ഇടാനുള്ളതാണ്. അതില്‍ യാതൊരു പ്രശ്‌നവുമില്ല. അവര്‍ പാട്ടുപാടും എന്നല്ലാതെ എനിക്ക് മറ്റൊന്നും അറിയില്ല. ഇവിടെ അവരെ കുറിച്ചുള്ള സ്റ്റേറ്റ്‌മെന്റ് കഴിഞ്ഞു. ഇതിന് ശേഷമാണ് ചില കമ്മ്യൂണിറ്റിയുടെ വോട്ട് വാങ്ങി ജയിച്ച എംഎല്‍എമാരും എംപിമാരും ആ കമ്മ്യൂണിറ്റിയ്ക്ക് വേണ്ടി നില്‍ക്കുന്നില്ല എന്ന് പറഞ്ഞത്. കമ്മ്യൂണിറ്റിയുടെ വികസനത്തിന് വേണ്ടി അവര്‍ കുറച്ച് സമയം ചെലവഴിച്ചിരുന്നുവെങ്കില്‍ ഇന്ന് കാണുന്ന എസ് സി/ എസ്ടി വിഭാഗങ്ങളുടെ അവസ്ഥയില്‍ നിന്നും വലിയ വ്യത്യാസമുണ്ടാകുമായിരുന്നു. പിന്നീട് ഒരു കമ്മ്യൂണിറ്റിയുടെ ഭാ?ഗമാണെന്ന് പറയാന്‍ പോലും അവര്‍ക്ക് വെറുപ്പാണ് എന്ന് പറയുന്നത് ആ കമ്മ്യൂണിറ്റിയില്‍ പെട്ടവരാണ്. ലിപ്സ്റ്റിക് ഇടുന്ന ആണുങ്ങളെ കുറിച്ചാണ് ഞാന്‍ പറഞ്ഞത്. ഉമ്മയെ നോക്കാന്‍ വീട്ടിലുണ്ടായിരുന്നത് ഈ കമ്മ്യൂണിറ്റിയില്‍പ്പെട്ട ആളുകളായിരുന്നു. ഉമ്മ മരണപ്പെട്ട് കഴിഞ്ഞിട്ടും ഉമ്മയുടെ മുറിയിലാണ് അവര്‍ കിടന്നിരുന്നത്.
കുടുംബപരമായി അത്തരം വിഭാഗക്കാരോട് വലിയ അടുപ്പം വച്ചുപുലര്‍ത്തുന്നവരാണ് എന്റെ കുടുംബം. ഞാന്‍ പറഞ്ഞ പരാമര്‍ശങ്ങള്‍ക്ക് വലിയ വിമര്‍ശനമാണെന്ന് പറയുന്നുണ്ട്. ശരിക്കും ആ വിഭാഗത്തില്‍പ്പെട്ട പാവപ്പെട്ട ജനങ്ങള്‍ക്ക് വിമര്‍ശനമൊന്നും ഉണ്ടാകില്ല. അതിലെ നേതാക്കള്‍ക്കുണ്ടാകും. അവര്‍ നന്നായി നടക്കണം ഉയരണം എന്ന് തന്നെയാണ് പറയുന്നത്. അവര്‍ മാത്രം നടന്നാല്‍ പോര, ആ വിഭാഗക്കാരും ഉയരണം. അതാണ് പറയുന്നത്. ഈ കമ്മ്യൂണിറ്റിയില്‍ നിന്ന് അധികാരത്തിലേക്ക് വരുന്ന ഭൂരിഭാഗവും സ്വന്തം കാര്യം മാത്രം നോക്കുകയാണ്. അതല്ലല്ലോ വേണ്ടത്’, അന്‍വര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ചിലരൊക്കെ ലിപ്സ്റ്റിക് ഇട്ടാണ് നടക്കുന്നതെന്നും കാഴ്ചയില്‍ പോലും പ്രസ്തുത വിഭാഗത്തില്‍പെട്ടയാളാണെന്ന് തോന്നാതിരിക്കാനാണ് ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കമ്മ്യൂണിറ്റിയുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയാല്‍ പിന്നെ അവരുടെ സ്വഭാവം തന്നെ മാറുകയാണ്. പൊതുസ്ഥലത്തെത്തുമ്പോള്‍ സിനിമാനടന്‍മാരെ പോലെ പൗഡറിട്ട് സുന്ദരക്കുട്ടപ്പന്‍മാരായി ഇറങ്ങുകയാണ്. അതാണ് ഈ കമ്യൂണിറ്റിയിലെ ആളുകളുടെ സ്വഭാവം. ഈ മുഖം മിനുക്കലും ചേലക്കരയിലെ ജനം കാണുന്നുണ്ടെന്നുമാണ് അന്‍വര്‍ പറഞ്ഞത്.