എപിജെ അബ്ദുല്‍ കലാമിന്റെ വാക്കുകള്‍ വാട്‌സാപ്പ് ഡിപി. പിപി ദിവ്യ ഒളിവിലെന്ന് സൂചന

എപിജെ അബ്ദുല്‍ കലാമിന്റെ വാക്കുകള്‍ വാട്‌സാപ്പ് ഡിപി. പിപി ദിവ്യ ഒളിവിലെന്ന് സൂചന

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ ഒളിവില്ലെന്ന് സൂചന. വീട്ടില്‍നിന്ന് മാറിയെന്നാണ് വിവരം. ദിവ്യയെ ചോദ്യം ചെയ്യാനുള്ള പൊലീസ് തീരുമാനത്തിന് പിന്നാലെയാണ് നീക്കം. ഇന്നലെവരെ ഇരിണാവിലെ വീട്ടില്‍ ദിവ്യയുണ്ടായിരുന്നു. ദിവ്യയെ ചോദ്യം ചെയ്യാന്‍ വീട്ടിലും ബന്ധുവീട്ടിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് ശേഷം പുറത്തിറങ്ങാതിരുന്ന ദിവ്യ ഒളിച്ചെത്തിയാണ് ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപമെത്തി സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറിയത്. ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ റെയില്‍വേ സ്റ്റേഷന്‍ കിഴക്കേ കവാടത്തിനിരികില്‍ കാത്തിരുന്നാണ് ദിവ്യ രാജിക്കത്ത് കൈമാറിയത്.

നവീന്റെ മരണത്തിന് ശേഷം രാജിക്കത്തിലൂടെ മാത്രമാണ് പി പി ദിവ്യ പൊതു സമൂഹത്തോട് പ്രതികരിച്ചത്. എന്നാല്‍ എ പി ജെ അബ്ദുല്‍ കലാമിന്റെ വാചകങ്ങള്‍ ദിവ്യ വാട്സ്ആപ്പില്‍ ഡിപിയായും സ്റ്റാറ്റസായും പങ്കുവെച്ചിരുന്നു. ‘ഒരായിരം തവണ വിളിച്ചുപറഞ്ഞാലും നമ്മളെ കുറിച്ച് നമ്മള്‍ പറയുന്ന സത്യത്തേക്കാള്‍ ഈ ലോകം വിശ്വസിക്കുന്നത് മറ്റുള്ളവര്‍ പതുക്കെ പറയുന്ന കള്ളങ്ങളായിരിക്കാം’, എന്നായിരുന്നു സന്ദേശം. അതേസമയം ദിവ്യക്കെതിരെ കളക്ടറേറ്റ് ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. അപ്രതീക്ഷിതമായാണ് ദിവ്യ പരിപാടിയില്‍ എത്തിയതെന്നും ക്ഷണിച്ചതായി അറിയില്ലെന്നും ജീവനക്കാര്‍ മൊഴി നല്‍കി. ദിവ്യയ്‌ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെയാണ് യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയെടുത്തത്. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെയും മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ദിവ്യ കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജിയില്‍ കക്ഷി ചേരാനാണ് നവീന്റെ കുടുംബത്തിന്റെ തീരുമാനം.

യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി പി ദിവ്യ പത്തനംതിട്ടയില്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )