സമഗ്ര അന്വേഷണം വേണം; ഡിജിപിക്കും കണ്ണൂര്‍ എസ്എച്ച്ഒയ്ക്കും പരാതി നല്‍കി നവീന്‍ ബാബുവിന്റെ സഹോദരന്‍
പത്തനംതിട്ട: ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബുവിന്റെ സംസ്‌കാര ചടങ്ങ് നാളെ നടത്തും. സഹോദരന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും കണ്ണൂര്‍ എസ്എച്ച്ഒയ്ക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും സഹോദരന്‍ പ്രവീണ്‍ ബാബു പ്രതികരിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ വ്യക്തിക്കും എതിരെ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് ശേഷം മൃതദേഹം നവീന്‍ ബാബുവിന്റെ സ്വദേശമായ പത്തനംതിട്ടയില്‍ എത്തിക്കും. ഇന്ന് മൃതദേഹം പത്തനംതിട്ടയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കും. നാളെ രാവിലെ 10 മണിക്ക് പത്തനംതിട്ട കളക്ടറേറ്റില്‍ പൊതുദര്‍ശനം. ഉച്ചയ്ക്കുശേഷം വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങ് നടത്തും. ‘കുടുംബത്തിന് നീതി ലഭിക്കണം. ഇതുവരെയും സഹോദരനെതിരെ ഒരു ആരോപണവും വന്നിട്ടില്ല. രണ്ടുദിവസം മുമ്പ് സഹോദരന്‍ ഫോണില്‍ വിളിച്ചിരുന്നു. അപ്പോള്‍ അദ്ദേഹത്തിന് മനസ്സില്‍ വിഷമം ഉള്ളതായി തോന്നിയിരുന്നില്ല. യാത്രയയപ്പ് ചടങ്ങിന് ശേഷമായിരിക്കും സഹോദരന് മനോവിഷമം ഉണ്ടായത്’, പ്രവീണ്‍ ബാബു പറഞ്ഞു. അതേസമയം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് റവന്യൂ ജീവനക്കാര്‍ പ്രതിഷേധം സംഘടിപ്പിക്കും. ജോലിയില്‍ നിന്ന് വിട്ടുനിന്നാണ് റവന്യു ഉദ്യോഗസ്ഥര്‍ പ്രതിഷേധിക്കുന്നത്.
ഇന്നലെ രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ നാല് മണിക്ക് ശേഷമാണ് മരണം നടന്നിരിക്കുന്നതെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇന്നലെ നടന്ന നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ ഇന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ഷണിക്കാതെ എത്തിയാണ് യാത്രയയപ്പില്‍ എഡിഎമ്മിനെതിരെ ദിവ്യ പ്രതികരിച്ചത്.