24 മണിക്കൂറിനുള്ളില്‍ ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കംചെയ്യണം;അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് മുട്ടന്‍പണിയുമായി എ.ആര്‍ റഹ്‌മാന്‍
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സംഗീത സംവിധായകനും ഗായകനുമായ എ.ആര്‍. റഹ്‌മാനും ഭാര്യ സൈറാബാനുവും വിവാഹമോചിതരാവുകയാണെന്ന വാര്‍ത്ത പുറത്തുവന്നത്. അതേ ദിവസം തന്നെ റഹ്‌മാന്റെ ട്രൂപ്പിലെ ഗിറ്റാറിസ്റ്റ് മോഹിനി ഡേയും പ്രഖ്യാപിച്ചു. അതോടെ റഹ്‌മാന്റെ വിവാഹമോചനത്തിന് പിന്നില്‍ മോഹിനി ഡേയുമായുള്ള ബന്ധമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നു. എന്നാല്‍ മോഹിനിയും റഹ്‌മാന്റെ മക്കളും ഈ വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു.
അതിനു ശേഷമാണ് തന്നെക്കുറിച്ച് അപവാദപ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ എ.ആര്‍. റഹ്‌മാന്‍ തീരുമാനിച്ചത്. റഹ്‌മാന് വേണ്ടി നര്‍മദ സമ്പത്ത് അസോസിയേറ്റ്‌സ് ആന്‍ഡ് അഡ്വക്കറ്റ്‌സ് ആണ് വക്കീല്‍ നോട്ടീസ് അയച്ചത്. ചില സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളും റഹ്‌മാന്റെ സ്വകാര്യജീവിതത്തേക്കുറിച്ച് സാങ്കല്‍പ്പികവും അപകീര്‍ത്തികരവുമായ കഥകള്‍ എഴുതാനാരംഭിച്ചെന്ന് നോട്ടീസില്‍ പറയുന്നു. റഹ്‌മാന്റെ ദാമ്പത്യത്തകര്‍ച്ചയെക്കുറിച്ച് പറയുന്ന അടിസ്ഥാനരഹിതമായ അഭിമുഖങ്ങളും പ്രചരിച്ചവയിലുണ്ടായിരുന്നെന്നും നോട്ടീസിലുണ്ട്.
24 മണിക്കൂറിനുള്ളില്‍ ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കംചെയ്യണമെന്നാണ് മുന്നറിയിപ്പ്. അല്ലാത്തപക്ഷം ഭാരതീയ ന്യായസംഹിതയിലെ 356ാം വകുപ്പ് പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.”തന്റെ പ്രശസ്തിയെയും കുടുംബത്തെയും ബാധിക്കുന്ന തരത്തിലുള്ള ഒരു പ്രോ?ഗ്രാമിലും അശ്ലീല ഉള്ളടക്കങ്ങള്‍ ആരോപിക്കുന്ന അഭിമുഖങ്ങളിലും സത്യത്തിന്റെ ഒരു കണികയുമില്ലെന്ന് അറിയിക്കാന്‍ റഹ്‌മാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇത് കാണിക്കുന്നത് എന്റെ കക്ഷിയുടെ പ്രശസ്തിക്ക് ഹാനി വരുത്താന്‍ ഉദ്ദേശിക്കുന്ന സോഷ്യല്‍ മീഡിയ വ്യക്തികള്‍ അവരുടെ പ്രൊഡക്ഷനുകള്‍ക്കായി പട്ടിണി കിടക്കുകയാണെന്നും കുറഞ്ഞ കാലത്തെ പരസ്യത്തിനായി റഹ്‌മാനെ അപകീര്‍ത്തിപ്പെടുത്താന്‍ സാങ്കല്‍പ്പികവും വ്യാജവുമായ കഥകള്‍ കെട്ടിച്ചമക്കുകയുമാണ്. അടുത്ത ഒരു മണിക്കൂറിനുള്ളില്‍ അല്ലെങ്കില്‍ പരമാവധി 24 മണിക്കൂറിനുള്ളില്‍ വിദ്വേഷകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണം. അല്ലാത്തപക്ഷം 2023 ലെ ഭാരതീയ ന്യായസംഹിതയിലെ സെക്ഷന്‍ 356 പ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കും.”-എന്നാണ് വക്കീല്‍ നോട്ടീസിലുള്ളത്.