വയനാട് ഉരുള്‍പൊട്ടലില്‍ ഇതുവരെ സ്ഥിരീകരിച്ചത് 19 മരണം: ചാലിയാര്‍ പുഴയില്‍ നിന്ന് മാത്രം കണ്ടെത്തിയത് 10 ഓളം മൃതദേഹങ്ങള്‍
വയനാട്: വയനാട്ടില്‍ പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ സ്ഥിരീകരിച്ചത് 19 മരണമെന്ന് റിപ്പോര്‍ട്ട്. ചാലിയാര്‍ പുഴയില്‍ ഒലിച്ച് വന്ന 10 ഓളം മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. മേപ്പാടി ചൂരല്‍മലയിലും മുണ്ടക്കൈ ടൗണിലുമാണ് വന്‍ ഉരുള്‍പൊട്ടലുണ്ടായത്. പുലര്‍ച്ചെ ഒരു മണിക്കു ശേഷം കനത്ത മഴയ്ക്കിടെ ചൂരല്‍മല സ്‌കൂളിനു സമീപമാണ് ആദ്യം ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് മുണ്ടക്കൈയില്‍ രണ്ടാമത്തെ ഉരുള്‍പൊട്ടലുണ്ടാകുന്നത്.
മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടല്‍ എത്രമാത്രം ബാധിച്ചെന്നത് ഇതുവരെ വിലയിരുത്താനായിട്ടില്ല. പൊലീസും ഫയര്‍ഫോഴ്സും ജനപ്രതിനിധികളും നിലവില്‍ ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. ഉരുള്‍പൊട്ടലില്‍ നാനൂറോളം വീടുകള്‍ ഒറ്റപ്പെട്ടതായാണ് പ്രാഥമിക വിവരം. മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. നിരവധി വാഹനങ്ങളാണ് ഒഴുകി പോയത്.