സൗദിയിലെ കൊടും ചൂട്: മരിച്ച ഹജ്ജ് തീർഥാടകരിൽ 13 മലയാളികൾ; കേന്ദ്രത്തിന് കത്തയച്ച് വി അബ്ദുറഹ്‌മാൻ

സൗദിയിലെ കൊടും ചൂട്: മരിച്ച ഹജ്ജ് തീർഥാടകരിൽ 13 മലയാളികൾ; കേന്ദ്രത്തിന് കത്തയച്ച് വി അബ്ദുറഹ്‌മാൻ

ഡൽഹി; ഹജ്ജ് തീർഥാടനത്തിനിടെ കൊടും ചൂടിൽ മരിച്ചവരിൽ 13 മലയാളികളും. തീർഥാടകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇടപെടണമെന്ന് ഹജ്ജ് മന്ത്രി വി അബ്ദുറഹ്‌മാൻ കേന്ദ്രത്തിന് കത്തയച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിനുമാണ് മന്ത്രി കത്ത് അയച്ചിരിക്കുന്നത്.

മരിച്ച തീർഥാടകരിൽ 68 പേർ ഇന്ത്യക്കാരാണെന്ന് സൗദി അറേബ്യയിലെ നയതന്ത്ര വിദഗ്ധർ അറിയിച്ചു. കൊടും ചൂടാണ് മക്കയിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെടുന്നത്. മക്കയിൽ തിങ്കളാഴ്ച 51.8 ഡിഗ്രി സെൽഷ്യസും ചൊവ്വാഴ്ച 47 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ വർഷം 18,200 പേരാണ് കേരളത്തിൽ നിന്ന ഹജ്ജ് തീർഥാടനത്തിനായി സൗദിയിൽ എത്തിയത്, ‘സൗദി അറേബ്യയിൽ തീർഥാടകർ വലിയ ബുദ്ധിമുട്ടുകൾ നേരിട്ടതായി റിപ്പോർട്ടുകളുണ്ട്. വിവിധ മുതവ്വിഫുകൾ (ഹാജിമാരെ പരിപാലിക്കാൻ സൗദി സർക്കാർ നിയോഗിച്ച ഏജൻസിയുടെ പ്രതിനിധികൾ) പ്രവർത്തനങ്ങളിൽ അനാസ്ഥ കാണിക്കുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി കത്തിൽ പറഞ്ഞു.

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള അസീസിയിലേക്കുള്ള തീർഥാടകർക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നതായി അബ്ദുറഹിമാൻ പറഞ്ഞു. അസീസിയിലെത്തിയ തീർഥാടകർക്ക് മോശം താമസസൗകര്യമായിരുന്നു നൽകിയതെന്നും ഒരേ വിമാനത്തിൽ എത്തിയവരെ വിവിധ സ്ഥലങ്ങളിൽ താമസിപ്പിച്ചതായി പരാതിയുണ്ടെന്നും മന്ത്രി പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )