ശബരിമലയിൽ വെര്‍ച്വല്‍ ക്യു വഴി അല്ലാതെ 10000 പേര്‍ക്ക് ദര്‍ശനം നടത്താം
പത്തനംതിട്ട: വെര്‍ച്വല്‍ ക്യു വഴി അല്ലാതെ 10000 പേര്‍ക്ക് കൂടി ശബരിമലയിൽ ദര്‍ശനം നടത്താം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഇന്നലെ ചേർന്ന യോഗത്തിൽ എരുമേലി, പമ്പ, വണ്ടിപ്പെരിയാര്‍ ഇടത്താവളങ്ങളില്‍ സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കുമെന്നു അറിയിച്ചു. പമ്പയില്‍ അഞ്ചും എരുമേലിയിലും വണ്ടിപ്പെരിയാറും മൂന്നുവീതം കൗണ്ടറുകള്‍ ഉണ്ടായിരിക്കും.
അതേസമയം, സ്‌പോട്ട് ബുക്കിംഗ് വഴി ലഭിക്കുന്ന പാസില്‍ ബാര്‍കോഡ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പരിശോധന പോയിന്റുകളിൽ സ്‌കാൻ ചെയ്യുമ്പോൾ ഭക്തരുടെ വിവരങ്ങൾ ലഭിക്കാനാണ് ഈ സംവിധാനം ഏർപ്പെടുത്തുന്നത്. അതിനായി തീര്‍ത്ഥാടകര്‍ തിരിച്ചറിയല്‍ രേഖയും ഫോട്ടോയും നിർബന്ധമായും കരുതണം.
അതേസമയം ശബരിമല റോപ് വേ പദ്ധതിക്ക് വേണ്ടിയുള്ള പകരം ഭൂമി കൈമാറ്റം നവംബർ 14ന് നടക്കും. കൊല്ലം ജില്ലയിലെ കട്ടളപ്പാറയിൽ 4.56 ഹെക്ടർ ഭൂമിയാണ് വനംവകുപ്പിന് കൈമാറുന്നത്. പദ്ധതിക്കായി ഏറ്റെടുത്ത വനഭൂമിക്ക് പകരം റവന്യൂ ഭൂമി 14ന് കൈമാറും.