‘ഇവൈക്കെതിരെ നടപടിയെടുക്കണം, തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്തണം’; അന്നയുടെ വീട് സന്ദർശിച്ച് നേതാക്കൾ

‘ഇവൈക്കെതിരെ നടപടിയെടുക്കണം, തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്തണം’; അന്നയുടെ വീട് സന്ദർശിച്ച് നേതാക്കൾ

കൊച്ചി: കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ പുനഃപരിശോധിക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. അന്നയുടെ മരണത്തിന് കാരണക്കാരായ ഏണസ്റ്റ് ആന്‍ഡ് യങ് (ഇവൈ) കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ കമ്പനി തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അമിത ജോലിഭാലത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ച ചാറ്റേര്‍ഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാവ് വി ഡി സതീശനും അന്നയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചു. തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യവും അന്നയുടെ മരണവും പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. നിലവില്‍ നിയമനടപടികളെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും പാര്‍ലമെന്റില്‍ വിഷയം അവതരിപ്പിക്കുമെന്നും ഹൈബി ഈഡന്‍ എംപി ഉറപ്പു നല്‍കിയതായും അന്നയുടെ അച്ഛന്‍ സിബി ജോസഫും വ്യക്തമാക്കി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും അല്പസമയത്തിനകം അന്നയുടെ വീട് സന്ദര്‍ശിക്കുമെന്നാണ് വിവരം.

ജൂലൈ 20നായിരുന്നു അന്ന താമസിക്കുന്ന സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. അമ്മ അനിത സെബാസ്റ്റ്യന്‍ മകള്‍ നേരിട്ട പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കമ്പനിയുടെ ഇന്ത്യ വിഭാഗം ചെയര്‍മാന്‍ രാജീവ് മേമാനിക്ക് കത്തയച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. അമിത ജോലി ഭാരം അടിച്ചേല്‍പ്പിക്കുന്ന രീതിയായിരുന്നു കമ്പനിയുടേതെന്ന് പിതാവും പ്രതികരിച്ചിരുന്നു. അന്നയുടെ സംസ്‌കാര ചടങ്ങുകളില്‍ കമ്പനി പ്രതിനിധികള്‍ പങ്കെടുത്തില്ലെന്ന ഗുരുതര ആരോപണവും പിതാവ് ഉന്നയിച്ചിരുന്നു.

എന്നാല്‍ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ ഖേദം പ്രകടിപ്പ് രാജീവ് മേമാനി രംഗത്തെത്തിയിരുന്നു. ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് സംസ്‌കാരത്തിന് ചേരാത്ത പ്രവര്‍ത്തിയാണെന്നും മുമ്പൊരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനിയൊരിക്കലും ഇത് ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. ജീവനക്കാരുടെ ക്ഷേമത്തിന് ഉയര്‍ന്ന പ്രാധാന്യം നല്‍കുമെന്നും ജീവനക്കാര്‍ക്കെല്ലാം ആരോഗ്യകരമായ തൊഴിലിടം ഉറപ്പാക്കുമെന്നും രാജീവ് മേമാനി വ്യക്തമാക്കി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )