നേപ്പാളിൽ ഉരുൾപൊട്ടൽ; രണ്ട് ബസുകൾ ഒലിച്ചുപോയി, 63 യാത്രക്കാരെ കാണാനില്ല

നേപ്പാളിൽ ഉരുൾപൊട്ടൽ; രണ്ട് ബസുകൾ ഒലിച്ചുപോയി, 63 യാത്രക്കാരെ കാണാനില്ല

കാഠ്മണ്ഡു: നേപ്പാളിലെ ഉരുൾപ്പൊട്ടലിൽ 63 യാത്രക്കാരുമായി പുറപ്പെട്ട രണ്ട് ബസുകൾ ഒലിച്ചുപോയതായി റിപ്പോർട്ട്. മധ്യ നേപ്പാളിലെ മദൻ-ആശ്രിത് ഹൈവേയിലാണു സംഭവം. ഹൈവേയിൽ നാരായൺഗഢ്-മുഗ്ലിൻ റോഡിൽ ഇന്നു പുലർച്ചെ 3.30ഓടെയാണ് നേപ്പാളിനെ ഞെട്ടിച്ച് വൻ ഉരുൾപൊട്ടലുണ്ടായത്. അപകടത്തിൽ നിയന്ത്രണം നഷ്ടമായ ബസുകൾ ത്രിശൂലി നദിയിലേക്കാണ് ഒലിച്ചുപോയത്.

ബസുകൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ശക്തമായ മഴ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇന്നലെ രാത്രി കാഠ്മണ്ഡുവിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന യാത്രക്കാരെയൊന്നും കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവർത്തനത്തിനിറങ്ങാൻ എല്ലാ സർക്കാർ ഏജൻസികൾക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമൽ ദഹാൽ പ്രചണ്ഡ അറിയിച്ചു.

നേപ്പാളിൽ ഏതാനും ദിവസങ്ങളായി ശക്തമായ മഴയാണു തുടരുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കാഠ്മണ്ഡുവിൽനിന്ന് ചിത്വാനിലെ ഭരത്പൂരിലേക്കുള്ള എല്ലാ വിമാന സർവിസുകളും റദ്ദാക്കിയിരിക്കുകയാണ്. കഴിഞ്ഞ നാല് ആഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കാലവർഷ ദുരന്തങ്ങളിൽ 74 പേരാണു മരിച്ചത്. നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )