മഴ മുന്നറിയിപ്പിൽ മാറ്റം; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഒമ്പത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. വരും ദിവസങ്ങളില്‍ ശക്തമായ കാറ്റും മഴയും വ്യാപകമായി പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കേരളതീരത്ത് 75 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കുമെന്നും മുന്നറിയിപ്പുണ്ട്. കൂടുതല്‍ ഡാമുകള്‍ തുറന്നേക്കും.

കടല്‍ക്ഷോഭം ഉണ്ടാകാനും സാധ്യതയുണ്ട്. ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കടല്‍തീരത്ത് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം കോഴിക്കോട് ജില്ലകളിലും തീരപ്രദേശത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് ജാ?ഗ്രതാ നിര്‍ദേശം നല്‍കി.

തെക്കന്‍ ജില്ലകളില്‍ മഴ ശക്തമായി തുടരുകയാണ്. പത്തനംതിട്ടയിലും കൊല്ലത്തും കാറ്റിലും മഴയിലും രണ്ട് വീടുകള്‍ക്ക് ഭാഗികമായ നാശനഷ്ടം സംഭവിച്ചു. മരങ്ങള്‍ കടപുഴകി വീണ് പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. പത്തനംതിട്ടയില്‍ രാത്രിയില്‍ ശക്തമായ മഴയാണ് പെയ്തത്. പമ്പ അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് അല്പം ഉയര്‍ന്നിട്ടുണ്ട്. രാവിലെ മഴയുടെ ശക്തി കുറഞ്ഞു.

ശക്തമായ കാറ്റില്‍ കോട്ടയം കുമ്മനം ക്ഷേത്ര പരിസരത്ത് മരം വീണ് വ്യാപക നാശനഷ്ടമുണ്ടായി. ഇളങ്കാവ് ദേവീക്ഷേത്ര പരിസരത്തെ കൂറ്റന്‍ മരമാണ് കടപുഴകി വീണത്. ഒന്നര വര്‍ഷം മുമ്പ് നിര്‍മിച്ച നടപ്പന്തല്‍ തകര്‍ന്നു. വൈകീട്ട് ഏഴരയോടെയാണ് ശക്തമായ കാറ്റ് വീശിയത്. ഇടുക്കിയില്‍ പുലര്‍ച്ചയോടെ മഴക്ക് നേരിയ ശമനമുണ്ട്. രാത്രി അതിശക്തമായ കാറ്റും മഴയും രേഖപ്പെടുത്തിയിരുന്നു. മഴയെ തുടര്‍ന്ന് കല്ലാര്‍കൂട്ടി, കല്ലാര്‍, അണക്കെട്ടുകള്‍ തുറന്നു. കല്ലാര്‍കൂട്ടി അണക്കെട്ടിന്റെ നാല് ഷട്ടറുകളും ഉയര്‍ത്തി. ലോവര്‍പെരിയാര്‍ വൈദ്യുതി നിലയത്തില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായി. പാറക്കല്ലുകള്‍ വീണ് രണ്ട് ഫീഡറുകളാണ് തകര്‍ന്നത്. തലനാരിഴയ്ക്കാണ് തൊഴിലാളികള്‍ രക്ഷപ്പെട്ടത്. രണ്ട് ദിവസമായി ഒന്നരക്കോടിയുടെ നഷ്ടമാണ് സംഭവിച്ചത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )