ശമ്പളം ചോദിച്ച ക്ലീനറെ വഴിയില്‍ ഉപേക്ഷിച്ചു ലോറി ഉടമ മുങ്ങി. കര്‍ണാടക സ്വദേശിക്കു രക്ഷകരായത് ഓട്ടോ ഡ്രൈവര്‍മാര്‍. ഉടമ കടന്നത് യുവാവിന്റെ ഫോണും പേഴ്‌സും നല്‍കാതെ
കടുത്തുരുത്തി: ശമ്പളം ചോദിച്ച ലോറി ക്ലീനറെ വഴിയില്‍ ഉപേക്ഷിച്ചു ലോറി ഉടമ മുങ്ങി. വെള്ളം വാങ്ങികുടിക്കാന്‍ പോലും വഴിയില്ലാതെ വലഞ്ഞ യുവാവിനെ സമീപത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ യുവാവിനു ഭക്ഷണവും വണ്ടിക്കൂലിയും നല്‍കി യാത്രയാക്കി. കര്‍ണാടക സ്വദേശി ജോസഫിനെയാണു കഴിഞ്ഞ ദിവസം പാതിരാത്രിയില്‍ വഴിയില്‍ ഉപേക്ഷിച്ചു ലോറി ഉടമ കടന്നു കളഞത്. കുറുപ്പന്തറയില്‍ എത്തിയ ജോസഫിനെ അവിടെത്തെ ഓട്ടോ ഡ്രൈവര്‍മാരാണു ഭക്ഷണവും വണ്ടിക്കൂലിയും നല്‍കി യാത്രയാക്കിയത്.
ലോഡ് ഇറക്കിയ ശേഷം അടുത്ത ലോഡുമായി ബാംഗ്ലൂര്‍ പോകുന്ന വഴിയില്‍ കോട്ടയത്തു വച്ചു ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയപ്പോള്‍ ക്ലീനര്‍ ശമ്പളം ചോദിച്ചതാണ് ഉടമയെ പ്രകോപിതനാക്കിയത്. തുടര്‍ന്നു ലോറി ഉടമ ജോസഫിന്റെ കയ്യില്‍ 10 രുപ നല്‍കിയിട്ട് സിഗരറ്റ് വാങ്ങി വരാന്‍ പറഞ്ഞു, ജോസഫ് സിഗരറ്റ് വാങ്ങാന്‍ പോയ സമയത്താണ്
ഓണർ കൂടിയായ ഡ്രൈവര്‍ ലോറിയുമായി കടന്നു കളഞ്ഞത്. പേഴ്സ്, മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍ എന്നിവ സൂക്ഷിച്ചിരുന്ന ബാഗ് ലോറിയിലാണ്. വിശന്നു തളര്‍ന്ന നിലയില്‍ ഞായറാഴ്ച വൈകിട്ട് നാലോടെ കുറുപ്പന്തറ കവലയില്‍ വച്ച് എത്തുകയായിരുന്നു.
ഡ്രൈവര്‍മാര്‍ തിരക്കിയപ്പോഴാണു ജോസഫ് തൻ്റെ അവസ്ഥ പറഞ്ഞത്. മംഗലാപുരത്ത് എത്തിയാല്‍ അവിടെ നിന്നും നാട്ടില്‍ പൊക്കോളാം എന്നു പറഞ്ഞതിനാല്‍ കുറുപ്പന്തറ റെയില്‍വേ സ്റ്റേഷനില്‍ നിന്നും എറണാകുളം ടിക്കറ്റ് എടുത്തു കൊടുക്കുകയും അവിടെനിന്നു മംഗലാപുരത്തിനുള്ള ടിക്കറ്റ് ചാര്‍ജും ഭക്ഷണത്തിനുള്ള പണവും നല്‍കിയാണു കുറുപ്പന്തറ കവല സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ ജോസഫിനെ പറഞ്ഞയച്ചത്.
നാട്ടിലെത്തിയ ശേഷം വിളിക്കാം എന്നും പറഞ്ഞു ഫോണ്‍ നമ്പറും വാങ്ങിയാണു ജോസഫ് പോയത്.