പക്ഷിപ്പനി: ആലപ്പുഴയിൽ താറാവ്, കോഴി വളർത്തലിന് മാർച്ച് വരെ നിരോധനം വന്നേക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി
തിരുവനന്തപുരം; പക്ഷിപ്പനി തുടർച്ചയായി സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയിൽ 2025 മാർച്ച് വരെ താറാവിനെയും കോഴിയെയും വളർത്തുന്നതിനു നിരോധനം ഏർപ്പെടുത്തേണ്ടി വന്നേക്കാമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. എന്നാൽ, ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുത്തിട്ടില്ല.
സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ടിൽ 2025 മാർച്ച് വരെ പക്ഷിവളർത്തൽ നിരോധിക്കണമെന്നു നിർദേശിച്ചിരുന്നു. ഈ റിപ്പോർട്ട് കേന്ദ്രത്തിനും സമർപ്പിച്ചിരുന്നു. കോഴിക്കും താറാവിനും പുറമേ പ്രാവിലും മയിലിലും വരെ വൈറസ് കണ്ടെത്തി.
30 കോടിയോളം രൂപയുടെ നഷ്ടമാണു പ്രാഥമികമായി കണക്കാക്കുന്നത്. ഏപ്രിലിനു ശേഷം 1.9 ലക്ഷം പക്ഷികളെ കൊന്നൊടുക്കേണ്ടിവന്നു’ – കേന്ദ്ര മൃഗസംരക്ഷണ മന്ത്രി രാജീവ് രഞ്ജൻ സിങ്, സഹമന്ത്രി ജോർജ് കുര്യൻ എന്നിവരെ സന്ദർശിച്ച ശേഷമായിരുന്നു ചിഞ്ചുറാണിയുടെ പ്രതികരണം.
കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും രോഗസാധ്യതയുള്ള മേഖലകളിലെ താറാവ്, കോഴി കർഷകർക്കു പ്രത്യേക ഉപജീവന പാക്കേജ് അനുവദിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടു.