ഹരിയാനയിൽ കോൺഗ്രസുമായി സഖ്യം വേണ്ടെന്ന് ആംആദ്മി നേതാവ്
ചണ്ഡീഗഢ്: ഹരിയാന തിരഞ്ഞെടുപ്പിൽ 90 നിയോജക മണ്ഡലത്തിലും ആംആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കണമെന്ന് നേതാവായ സോംനാഥ് ഭാർതി. ആംആദ്മിയും കോൺഗ്രസും തമ്മിൽ സഖ്യമുണ്ടാക്കാനുള്ള ചർച്ചകൾക്കിടയിലാണ് സോംനാഥിന്റെ പ്രതികരണം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ധാരണ പ്രകാരം ഇരുപാർട്ടികളും മത്സരിച്ചിട്ടും മുഴുവൻ സീറ്റിലും ബിജെപി വിജയിച്ചതിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ഒറ്റയ്ക്ക് മത്സരിക്കണമെന്ന ആഹ്വാനത്തിലേക്ക് സോംനാഥ് എത്തിച്ചേർന്നത്.
‘ആംആദ്മി പാർട്ടിയെ പിന്തുണക്കുന്നവർക്ക് തെറ്റായതും സ്വാർത്ഥമായതുമായ സഖ്യത്തോട് താൽപര്യമില്ല. ഹരിയാനയിൽ സഖ്യമുണ്ടാക്കുന്നതിന് മുമ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ രൂപീകരിച്ച സഖ്യത്തിന്റെ ഫലപ്രാപ്തി ആംആദ്മി പരിശോധിക്കണം. കോൺഗ്രസ് മത്സരിച്ച മൂന്ന് സ്ഥാനാർത്ഥികൾക്ക് വേണ്ടിയും ഡൽഹിയിൽ ദേശീയ കൺവീനറായ അരവിന്ദ് കെജ്‌രിവാൾ റോഡ് ഷോ നടത്തി. ആംആദ്മിയുടെ മന്ത്രിമാരും അവർക്ക് വേണ്ടി പ്രചരണത്തിനിറങ്ങി. എന്നാൽ ആംആദ്മി സ്ഥാനാർത്ഥികൾക്ക് വേണ്ടി, പ്രത്യേകിച്ച് എനിക്ക് വേണ്ടി കോൺഗ്രസിന്റെ ഡൽഹി നേതാക്കളോ, പ്രാദേശിക നേതാക്കളെ പിന്തുണ നൽകിയിട്ടില്ല,’ അദ്ദേഹം സമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചു.
2014 മുതൽ ഹരിയാനയിൽ അധികാരത്തിലിരിക്കുന്ന ബിജെപി അവരുടെ അവസാന ഘട്ടത്തിലാണിപ്പോളെന്നും സോംനാഥ് പറഞ്ഞു. അതേസമയം ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരു പാർട്ടികളും തമ്മിൽ സീറ്റ് വിഭജന ചർച്ചകൾ വഴിമുട്ടിയിരിക്കുകയാണ്. ഹരിയാനയിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കത്തിലാണ് ആം ആദ്മിയെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
ആംആദ്മി പാർട്ടിക്ക് കൂടുതൽ സീറ്റുകൾ വിട്ടുകൊടുക്കാൻ കോൺഗ്രസ് നേതാക്കൾ തയ്യാറാവാത്തതാണ് സീറ്റ് ചർച്ച പാതിവഴിയിൽ അവസാനിക്കാനുള്ള കാരണമെന്നാണ് വിവരം. അതിനിടെ 90 നിയമസഭാ മണ്ഡലങ്ങളിൽ 31 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പട്ടിക ഇന്ന് കോൺഗ്രസ് പുറത്തുവിട്ടു. ബാക്കിയുള്ള മണ്ഡലങ്ങളിലെ ചർച്ചകൾ തുടരുകയാണ്. ഒക്‌ടോബർ അഞ്ചിനാണ് ഹരിയാനയിൽ വോട്ടെടുപ്പ് നടക്കുന്നത്. ശേഷം ഒക്ടോബർ എട്ടിന് വോട്ടെണ്ണൽ നടക്കും.