സംസ്ഥാനത്ത് കനത്തമഴ: പരശുറാം ഭാഗീകമായി റദ്ദാക്കി; വന്ദേഭാരത് ഉൾപ്പടെ ട്രെയിൻ സമയങ്ങളിൽ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം. മഴയെത്തുടർന്ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ വൈകിയോടുന്ന സാഹചര്യത്തിലാണ് ഇന്ന് ഒരു ട്രെയിൻ ഭാഗികമായി റദ്ദാക്കകുയും മറ്റൊന്ന് സമയം മാറ്റി നിശ്ചയിക്കകയും ചെയ്തത്.
ബുധനാഴ്ച രാവിലെ 5.15ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം കാസർകോട് വന്ദേ ഭാരത് എക്‌സ്പ്രസ്, രണ്ട് മണിക്കൂർ 15 മിനിറ്റ് വൈകി 7.30നാണ് പുറപ്പെട്ടത്. കന്യാകുമാരി മംഗളൂരു സെൻട്രൽ 16650 പരശുറാം എക്‌സ്പ്രസ് ഭാഗികമായി റദ്ദ് ചെയ്‌തെന്നും റെയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ചെ 3.45ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ, കന്യാകുമാരി മുതൽ ഷൊർണൂർ വരെയുള്ള സർവീസ് റദ്ദാക്കിയെന്നാണ് വിവരം. എന്നാൽ പതിവ് ഷെഡ്യൂൾ പ്രകാരം ഷൊർണൂരിൽ നിന്ന് ട്രെയിൻ സർവീസ് ആരംഭിക്കുമെന്നും റെയിൽവേ അറിയിച്ചു.
കഴിഞ്ഞ ദിവസം, ആലപ്പുഴയിൽ നിന്ന് ചെന്നൈ സെൻട്രൽ വരെ പോകുന്ന എക്‌സ്പ്രസ് ട്രെയിൻ വൈകിട്ട് മൂന്ന് മണിക്കായിരുന്നു പുറപ്പെടേണ്ടിയിരുന്നത്. ഇത് മൂന്ന് മണിക്കൂർ വൈകി ആറ് മണിക്കാണ് പുറപ്പെട്ടത്. തിരുവനന്തപുരം മംഗലാപുരം വന്ദേഭാരത് എക്‌സ്പ്രസ് വൈകിട്ട് 4.05 നാണ് പുറപ്പെടേണ്ടിയിരുന്നത്. ഇത് രണ്ടു മണിക്കൂർ താമസിച്ച് ആറ് മണിക്ക് മാത്രമാണ് പുറപ്പെട്ടത്.
ഉച്ചയ്ക്ക് രണ്ടരയ്ക്ക് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട വന്ദേഭാരത് എക്‌സ്പ്രസും യാത്ര തുടങ്ങിയത് വൈകിയാണ്. പലയിടങ്ങളിലും പാളത്തിൽ വെള്ളം നിറഞ്ഞതും യാത്രാ തടസ്സം നേരിട്ടതും മാറ്റിയതിനു ശേഷമാണ് ട്രെയിൻ കടത്തിവിടാനായത്.