ആലപ്പുഴയില്‍ എച്ച്1എന്‍ 1 രോഗികളുടെ എണ്ണം കൂടുന്നു: നാലു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് പതിനൊന്ന് പേര്‍ക്ക്

ആലപ്പുഴയില്‍ എച്ച്1എന്‍ 1 രോഗികളുടെ എണ്ണം കൂടുന്നു: നാലു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് പതിനൊന്ന് പേര്‍ക്ക്

ആലപ്പുഴ: ഭീതി പടര്‍ത്തി ആലപ്പുഴയില്‍ എച്ച്1എന്‍ 1 രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. നാലു ദിവസത്തിനിടെ പതിനൊന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 21-ന് മാത്രം അഞ്ചു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടാഴ്ചക്കിടെ എച്ച്1എന്‍ 1 സ്ഥിരീകരിച്ചവരുടെ എണ്ണം 26 ആയി ഉയര്‍ന്നു. ആലപ്പുഴ ജില്ലയില്‍ ഡെങ്കിപ്പനിയും പടരുന്നതായി അധികൃതര്‍ അറിയിച്ചു. അഞ്ചു ദിവസത്തിനിടെ 35 പേര്‍ക്ക് രോഗബാധ കണ്ടെത്തിയിട്ടുണ്ട്. 5,124 പേരാണു പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടിയത്. സ്വകാര്യ ക്ലിനിക്കുകള്‍, സ്വകാര്യ ആശുപത്രികള്‍, ഹോമിയോ, ആയുര്‍വേദ ആശുപത്രികള്‍ എന്നിവയില്‍ എത്തിയവരുടെ എണ്ണം കൂടി നോക്കിയാല്‍ പനിബാധിതരുടെ എണ്ണം ഇരട്ടിയിലേറെ വരും.

ഓരോ ദിവസവും നൂറോളം പേരാണു വയറിളക്കത്തിനു ചികിത്സ തേടുന്നത്. എച്ച്1എന്‍1 കേസുകള്‍ ഏതെങ്കിലും ഒരു പ്രദേശം കേന്ദ്രീകരിച്ചല്ല റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും നിലവില്‍ ഹോട്‌സ്‌പോട്ട് ഇല്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നു. ഇടയ്ക്കിടെ പെയ്യുന്ന മഴയും വെയിലും ആരോഗ്യത്തെ ബാധിക്കുന്നതായാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

തുടര്‍ച്ചയായ തുമ്മല്‍, മൂക്കൊലിപ്പ്, പനി, തൊണ്ട വേദന, ചുമ, ശ്വാസതടസ്സം, ഛര്‍ദി എന്നിവയാണു എച്ച്1 എന്‍1 പനിയുടെ ലക്ഷണങ്ങള്‍. ഗര്‍ഭിണികളും പ്രമേഹം, രക്തസമ്മര്‍ദം, ശ്വാസകോശ-വൃക്ക രോഗങ്ങള്‍ തുടങ്ങിയവയ്ക്കു ചികിത്സ തേടുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (1 )