ദുരന്തബാധിതരോട് അവഗണന; വയനാട് കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്, സംഘർഷം
വയനാട്: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കേണ്ട സഹായം വൈകുന്നുവെന്നാരോപിച്ച് വയനാട് കലക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. കളക്റ്ററേറ്റിന് മുന്‍പില്‍ വെച്ച ബാരിക്കേഡ് ചാടിക്കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. അതേസമയം, ദുരിത ബാധിതര്‍ക്ക് ഭയം വേണ്ടെന്നും സര്‍ക്കാര്‍ കൂടെയുണ്ടെന്നും ഉറപ്പ് നല്‍കി റവന്യൂ മന്ത്രി കെ രാജന്‍. വയനാട്ടിലെ പുനരധിവാസത്തിനായി പ്ലാന്റേഷന്‍ ഭൂമികളെല്ലാം നേരിട്ട് സന്ദര്‍ശിച്ചെന്നും അപകടങ്ങളുണ്ടാകില്ലെന്ന് ഉറപ്പുള്ള സ്ഥലങ്ങളിലേക്ക് ആളുകളെ മാറ്റാനാണ് ശ്രമം എന്നും കെ രാജന്‍ വ്യക്തമാക്കി.
പുനരധിവാസത്തിന് ഭൂമി ലഭ്യമാക്കാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ട്. ജന്മവകാശം വഴിയുള്ള ഭൂമികള്‍ അവിടെ കുറവാണ്. ഭൂപരിഷ്‌കരണത്തിന്റെ 81 പ്രകാരം എക്‌സപ്ഷന്‍ ഉള്ള ഭൂമിയാകും അല്ലെങ്കില്‍ സര്‍ക്കാരുമായി ഉടമസ്ഥാവകാശം സംബന്ധിച്ച് കേസുള്ള ഭൂമിയാകാം. അത്തരം പ്രശ്‌നങ്ങളുള്ള ഭൂമി ഏറ്റെടുക്കാന്‍ ചില പ്രശ്‌നങ്ങളുണ്ടാകാമെന്നും ഇപ്പോള്‍ അങ്ങനെയൊരു പ്രശ്‌നമില്ലെന്നും മന്ത്രി കെ രാജന്‍ വ്യക്തമാക്കി. പുനരധിവാസത്തിനായി ടൗണ്‍ഷിപ്പുണ്ടാക്കാനാണ് ആലോചന. പുനരധിവാസത്തിന് അനുയോജ്യമായ 25 സ്ഥലങ്ങള്‍ നേരിട്ട് പോയി കണ്ടിരുന്നു. അതിന് ശേഷം ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള ഭൗമശാസ്ത്ര സംഘം അതില്‍ ഒമ്പത് സ്ഥലങ്ങള്‍ അപകടരഹിതമെന്ന് കണ്ടെത്തിയിരുന്നു. അതില്‍ രണ്ട് സ്ഥലങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.
കൈവശാവകാശവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ എളുപ്പത്തിലാക്കാന്‍ ദുരന്തനിവാരണ നിവാരണ നിയമ പ്രകാരമായിരുന്നു ഭൂമി ഏറ്റെടുത്തത്. ഇതിന് പിന്നാലെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉടമകള്‍ കോടതിയില്‍ പോയി. സ്ഥലത്തിന് പണം കൊടുക്കാന്‍ സാധ്യമാണോ എന്നാണ് കോടതി ചോദിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പണം കോടതിയില്‍ കെട്ടിവെയ്ക്കാമെന്നും കോടതി ഉടമസ്ഥരെന്ന് തീരുമാനിക്കുന്നവര്‍ക്ക് പണം കൈമാറാമെന്നുമുള്ള സര്‍ക്കാരിന്റെ നിലപാട് കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ വാദം കേട്ട കോടതി വിധിപറയാന്‍ മാറ്റിവെച്ചിരിക്കുകയാണ്. കോടതി തീരുമാനം അനുകൂലമായിരിക്കുമെന്നാണ് കരുതുന്നത് എന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.