‘എഎംഎംഎ ഭാരവാഹികളായി സ്ത്രീകൾ വരണം’: നടി ര‍ഞ്ജിനി

‘എഎംഎംഎ ഭാരവാഹികളായി സ്ത്രീകൾ വരണം’: നടി ര‍ഞ്ജിനി

തിരുവനന്തപുരം: എഎംഎംഎ ഭാരവാഹികളായി സ്ത്രീകള്‍ വരണമെന്ന് നടി രഞ്ജിനി. പ്രസിഡണ്ട് സ്ഥാനത്തേക്കും സ്ത്രീ വരണം. പുരുഷന്‍ തന്നെയാകണം എന്ന് എന്തിനാണ് നിര്‍ബന്ധം? എന്താണ് സംഭവിച്ചത് എന്ന് തനിക്ക് അറിയില്ല. അന്വേഷണത്തിലൂടെ എല്ലാം പുറത്തു വരണം. കുറ്റം ചെയ്തവരെ ശിക്ഷിക്കണമെന്നും രഞ്ജിനി പറഞ്ഞു.

ഇനി കോണ്‍ക്ലേവ് അല്ല നടത്തേണ്ടത്. ഹേമ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഉടന്‍ നടപ്പാക്കുകയാണ് വേണ്ടത്. ഇനി ചര്‍ച്ചയുടെ ആവശ്യമില്ല. ട്രിബൂണല്‍ സംവിധാനം കൊണ്ടുവരണം. കരാര്‍ ഉണ്ടാകണം. ഇപ്പോള്‍ പുറത്തുവരുന്നത് സിനിമാ വ്യവസായത്തെ തന്നെ ബാധിക്കുന്ന സംഗതികളാണ്. ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്നും ഹേമ കമ്മിറ്റി രൂപീകരിച്ചത് നല്ല കാര്യമാണെന്നും രഞ്ജിനി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ രഞ്ജിനിയുടെ ഹര്‍ജി കോടതി പരിഗണിച്ചില്ല. തുടര്‍ന്ന് അന്നുതന്നെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുകയായിരുന്നു.

എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടന്ന വൈളിപ്പെടുത്തലുകളില്‍ കുറ്റാരോപിതരായവര്‍ അടക്കം ഉള്‍പ്പെട്ട സാഹചര്യത്തില്‍ എഎംഎംഎ ഭരണസമിതി പിരിച്ചുവിട്ടിരുന്നു. കുറ്റാരോപിതനായ നടന്‍ സിദ്ദിഖ് എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കം രാജിവെച്ചുകൊണ്ട് ഭരണസമിതി പിരിച്ചുവിട്ടത്. ഇതിന് പിന്നാലെ എഎംഎംഎയുടെ തലപ്പത്ത് വനിതകള്‍ വരണമെന്ന ആവശ്യമാണിപ്പോള്‍ ഉയരുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )