
വീട്ടിലെ പ്രസവത്തിനിടെ സ്ത്രീ മരിച്ച സംഭവം; മൂന്ന് പ്രസവം വീട്ടിൽ വെച്ച് നടത്തി; ഭർത്താവ് സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി
മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ സിറാജുദ്ദീനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നതെന്ന് മലപ്പുറം എസ്പി ആര്‍ വിശ്വനാഥ് പറഞ്ഞു. സിറാജുദ്ദീന് സഹായം ചെയ്തവരിലേക്കും അന്വേഷണം നടത്തുമെന്ന് എസ്പി വ്യക്തമാക്കി.
തെളിവ് നശിപ്പിക്കലിനും കേസ് എടുക്കുമെന്ന് എസ്പി അറിയിച്ചു. ആശുപത്രിയില്‍ ആയിരുന്നു എങ്കില്‍ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നു എന്നാണ് പോസ്റ്റുമോര്‍ട്ടം ചെയ്ത സര്‍ജന്‍ പറഞ്ഞത്. ആദ്യ രണ്ട് പ്രസവം ആശുപത്രിയിലും മൂന്നെണ്ണം വീട്ടിലും.രണ്ട് പ്രസവം ആലപ്പുഴയില്‍ വെച്ചായിരുന്നുവെന്ന് എസ്പി പറഞ്ഞു. പ്രതിക്ക് ക്രിമിനല്‍ റെക്കോര്‍ഡ് ഇല്ലെന്നും എസ്പി പറഞ്ഞു.
വൈകുന്നേരം 6 മണിക്കാണ് യുവതി വീട്ടില്‍ പ്രസവിച്ചത്. രാത്രി 9 മണിക്കാണ് യുവതി രക്തം വാര്‍ന്ന് മരിച്ചത്. കസ്റ്റഡിയിലുള്ള സിറാജുദ്ദീന്റെ അറസ്റ്റ് മലപ്പുറം പൊലീസ് ഇന്ന് രേഖപ്പെടുത്തും. അസ്മയ്ക്ക് പ്രസവത്തെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കൃത്യസമയത്ത് ചികിത്സ നല്‍കിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും പോസ്റ്റമോര്‍ട്ടത്തില്‍ കണ്ടെത്തി. കളമശ്ശേരി മെഡിക്കല്‍ കോളജിലെ മൂന്ന് മണിക്കൂര്‍ നീണ്ട പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷമാണ് കണ്ടെത്തല്‍.
ശനിയാഴ്ച രാത്രി 9 മണിയോടെയാണ് വീട്ടില്‍ നടന്ന പ്രസവത്തെ തുടര്‍ന്നുള്ള അസ്മയുടെ മരണം.മലപ്പുറം ചട്ടിപ്പറമ്പില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു അസ്മയും ഭര്‍ത്താവ് സിറാജുദ്ദീനും. ആശുപത്രിയിലേക്ക് കൊണ്ട് പോകാനോ ചികിത്സ നല്‍കാനോ സിറാജുദ്ദീന്‍ തയ്യാറായില്ല. അഞ്ചാമത്ത പ്രസവമായിരുന്നു അസ്മയുടേത്.