തിരുവനന്തപുരത്ത് കുത്തിവപ്പിനെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; എന്ത് ഇഞ്ചക്ഷനാണ് എടുത്തതെന്ന് അറിയില്ലെന്ന് ബന്ധുക്കള്‍
തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ ബന്ധുക്കൾ രംഗത്ത്. ആളില്ലാതിരുന്ന സമയത്താണ് ഡോക്ടർ വിനു യുവതിക്ക് ഇഞ്ചക്ഷൻ നൽകിയത്. ഡോക്ടർ ഇൻജക്ഷൻ നൽകി എന്ന് പറയുന്ന ഓഡിയോ ക്ലിപ്പ് കയ്യിലുണ്ടെന്നും എന്ത് ഇഞ്ചക്ഷൻ ആണ് നൽകിയത് എന്ന് അറിയില്ലെന്നും ഭർത്താവ് ശരത് പറഞ്ഞു.
നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ നിന്നെടുത്ത ഇഞ്ചക്ഷനാണ് കൃഷ്ണയുടെ ജീവൻ നഷ്ടമാകാൻ കാരണം. ചെറിയൊരു ജീവൻ ബാക്കിയുണ്ടായതിനാലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊണ്ടുവന്നതെന്ന് സഹോദരൻ പറഞ്ഞു.
ഇന്ന് രാവിലെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അബോധാവസ്ഥയിൽ ചികിത്സയിലിരിക്കെ കൃഷ്ണ മരണത്തിന് കീഴടങ്ങിയത്.
കിഡ്‌നി സ്റ്റോൺ ചികിത്സയ്‌ക്കായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിയ യുവതിക്ക് ഇഞ്ചക്ഷൻ നൽകിയിരുന്നു. യുവതിക്ക് അലർജി ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളുണ്ട്. അതിനുള്ള പരിശോധന നടത്താതെ എടുത്ത കുത്തിവയ്പ്പാണ് അബോധാവസ്ഥയിലാകാൻ കാരണമായത്. പിന്നാലെ ചികിത്സാ പിഴവ് ആരോപിച്ച് ഡോ. വിനുവിനെതിരെ കുടുംബം പൊലീസിൽ പരാതി നൽകി. പരാതിയിന്മേൽ ഭാരതീയ ന്യായ സംഹിത 125-ാം വകുപ്പ് പ്രകാരം ഡോ. വിനുവിനെതിരെ പൊലീസ് കേസെടുത്തു.