
റിമയും ദിവ്യപ്രഭയും കൂടെയുണ്ട്…ആശാ വര്‍ക്കേഴ്‌സിന് വേണ്ടി അധികാരികള്‍ കണ്ണ് തുറക്കുമോ?
സമരം ചെയ്യുന്ന ആശാപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി നടിമാരായ റിമ കല്ലിങ്കലും ദിവ്യപ്രഭയും. അവകാശങ്ങള്‍ക്കായി പൊരുതുന്ന സ്ത്രീകള്‍ക്ക് ഒപ്പമെന്ന് റിമ കല്ലിങ്കല്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഇന്ന് നടക്കുന്ന വനിതാ സംഗമത്തിന്റെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു കൊണ്ടാണ് റിമ നിലപാട് വ്യക്തമാക്കിയത്. സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി നടി ദിവ്യപ്രഭ രംഗത്തെത്തി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്റ്റാന്‍ഡ് വിത്ത് ആശ വര്‍ക്കേഴ്സ് എന്ന വാചകത്തോട് കൂടിയ പോസ്റ്ററിനൊപ്പം കുറിപ്പ് കൂടി ചേര്‍ത്താണ് താരം ഇന്‍സ്റ്റഗ്രാമില്‍ പിന്തുണ പങ്കുവച്ചിരിക്കുന്നത്. നിസ്വാര്‍ത്ഥമായി തൊഴില്‍ ചെയ്യുന്ന ആശ മാര്‍ക്ക് അര്‍ഹമായ ശമ്പളം ലഭിക്കണമെന്ന് നടി ദിവ്യ പ്രഭ. നാളെ നടക്കുന്ന വനിതാ സംഗമത്തിന് പിന്തുണയെന്നും ദിവ്യ പ്രഭ.
”ഈ വനിതാ ദിനത്തില്‍ നിസ്വാര്‍ത്ഥമായി തൊഴില്‍ ചെയ്യുന്ന ആശാ തൊഴിലാളികള്‍ക്ക് അര്‍ഹമായ ശമ്പളവും മാന്യമായ ജീവിതവും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഞാന്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നു. നാളെ അവര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന മാര്‍ച്ചില്‍ ഉത്തരവാദിത്തമുള്ളവര്‍ നടപടി കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. ന്യായമായ കൂലിയും അന്തസ്സും അവരുടെ അവകാശമാണ്. അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താം”, എന്നാണ് ദിവ്യ പ്രഭ കുറിച്ചത്.
സെക്രട്ടറിയേറ്റ് പടിക്കല്‍ ആശാ വര്‍ക്കരമാര്‍ നടത്തുന്ന സമരം 27-ാം ദിവസത്തിലേക്ക്. ഇന്ന് വനിതാ ദിനത്തില്‍ മഹാസംഗമം നടത്താനൊരുങ്ങിയിരിക്കുകയാണ് സമരത്തിലുള്ള ആശാ വര്‍ക്കര്‍മാര്‍. തലസ്ഥാന നഗരിയിലെ സമരവേദിയിലേക്ക് കേരളത്തിലെമ്പാടുമുള്ള സ്ത്രീകളെ ആശാ വര്‍ക്കര്‍മാര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. മഹാസംഗമത്തിന് പിന്തുണയറിയിച്ച് അരുന്ധതി റോയിയും, ദിവ്യപ്രഭയും, കനി കുസൃതിയും, റിമാ കല്ലിങ്കലും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രംഗത്ത് എത്തിയിട്ടുണ്ട്. വിവിധ വനിതാ സംഘടനകളില്‍ നിന്നടക്കമുള്ള പ്രതിനിധികള്‍ ഇന്ന് സമരവേദിയില്‍ എത്തും. സമരം ശക്തമായി തുടരുമ്പോഴും ഫണ്ടിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് കേന്ദ്ര സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും. അതോടൊപ്പം തന്നെ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും അനുനയ ചര്‍ച്ചകള്‍ക്കുള്ള സാധ്യതകളും തുറന്നിട്ടില്ല.