ആരിഫ് മുഹമ്മദ് ഖാനെക്കാള്‍ വലിയ വള്ളിയാകുമോ രാജേന്ദ്ര അര്‍ലേക്കര്‍; ആദ്യ ദിനം സര്‍ക്കാരിനെ തിരുത്തി ഗവര്‍ണര്‍
ചുമതലയേറ്റെടുത്ത ആദ്യദിനമായ ഇന്നലെത്തന്നെ സര്‍ക്കാരിനെ തിരുത്തി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. ഗവര്‍ണറുടെ സുരക്ഷാവലയത്തിലെ ഏതാനും പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി പുതിയ ആളുകളെ വച്ച സര്‍ക്കാര്‍ തീരുമാനമാണ് ഗവര്‍ണര്‍ തിരുത്തിയത്. വിഷയം ശ്രദ്ധയില്‍ പെട്ടതോടെ ഡിജിപിയുടെ ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമിനെ ഗവര്‍ണര്‍ രാജ്ഭവനിലേക്കു വിളിച്ചു വരുത്തി. ഗവര്‍ണറുടെ ആവശ്യം അദ്ദേഹം അപ്പോള്‍ത്തന്നെ അംഗീകരിച്ചു.
ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനു വിശ്വസ്തരായിരുന്ന ഉദ്യോഗസ്ഥരെ ഒഴിവാക്കി പകരം സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും വേണ്ടപ്പെട്ടവരെ രാജ്ഭവനിലേക്ക് നിയോഗിക്കാന്‍ നീക്കം നടത്തിയെന്നാണ് ആക്ഷേപം. ചുമതലയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ തന്നെയാണ് പരാതി ഗവര്‍ണറുടെ അടുത്ത് എത്തിച്ചതെന്നാണ് വിവരം. തുടര്‍ന്ന് രാജ്ഭവനിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ച ഗവര്‍ണര്‍ എഡിജിപി മനോജ് ഏബ്രഹാമിനെ കാണാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു. പിന്നാലെയാണ് അദ്ദേഹം രാജ്ഭവനില്‍ നേരിട്ടെത്തിയത്.
ഗോവ സ്വദേശിയായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ ബിഹാര്‍ ഗവര്‍ണറായിരുന്നു. നേരത്തെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും ഗോവയില്‍ വനംപരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദീര്‍ഘകാലം ആര്‍എസ്എസ് ചുമതലകള്‍ വഹിച്ച ശേഷം 1989ലാണ് രാജേന്ദ്ര അര്‍ലേകര്‍ ബിജെപിയില്‍ അംഗത്വമെടുക്കുന്നത്. ഗോവയില്‍ സ്പീക്കര്‍,മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.രാജേന്ദ്ര അര്‍ലേകര്‍ സ്പീക്കറായിരുന്ന വേളയിലാണ് രാജ്യത്തെ ആദ്യ കടലാസ് രഹിത നിയമസഭയായി ഗോവ മാറിയത്.
മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസമാണ് കേരളത്തോട് വിട പറഞ്ഞത്. ആരിഫ് മുഹമ്മദ് ഖാന്റെ കാലഘട്ടത്തില്‍ കേരളം ഇന്നുവരെ സാക്ഷ്യംവഹിച്ചിട്ടില്ലാത്ത വിധം തര്‍ക്കങ്ങളാണ് സര്‍ക്കാരുമായി ഉണ്ടായിട്ടുള്ളത്. ഒട്ടേറെ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ ശബ്ദമുയര്‍ത്തി. മാത്രവുമല്ല, ഗവര്‍ണര്‍ രാഷ്ട്രീയക്കാരനെന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന തരം കടുത്ത വിമര്‍ശനങ്ങളും നേരിട്ട ആള്‍കൂടിയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍.