കുറച്ച് ദിവസങ്ങളേയുള്ളു അവളെ രക്ഷിക്കണം’; നിമിഷപ്രിയയുടെ അമ്മ

കുറച്ച് ദിവസങ്ങളേയുള്ളു അവളെ രക്ഷിക്കണം’; നിമിഷപ്രിയയുടെ അമ്മ

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് അമ്മ പ്രേമകുമാരി. ഇതുവരെ കൂടെനിന്ന എല്ലാവരോടും നന്ദിയുണ്ട്. മകളുടെ ജീവന്‍ രക്ഷിക്കാന്‍ എല്ലാവരും സഹായിക്കണമെന്നും ഇനി കുറച്ചു ദിവസം മാത്രേ അതിന് സാവകാശം ഉള്ളൂ, ഈ രാജ്യത്തിന് മകളെ വിട്ടുകൊടുക്കരുതെന്നും അമ്മ പ്രേമകുമാരി പറഞ്ഞു.

കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാല്‍ അബ്ദുല്‍ മഹ്ദിയുടെ കുടുംബത്തിന് നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കേണ്ടതുണ്ടെന്ന് യമനിലുള്ള ആക്ടിവിസ്റ്റ് സാമുവല്‍ ജെറോം പറഞ്ഞു. വധശിക്ഷ റദ്ദാക്കാനുള്ള ഏക മാര്‍ഗം തലാലിന്റെ കുടുംബം മാപ്പ് നല്‍കലാണെന്നും സാമുവല്‍ ജെറോം കൂട്ടിച്ചേര്‍ത്തു. നിലവില്‍ യമന്‍ പ്രസിഡന്റ്‌റ് ഒപ്പുവെച്ച പേപ്പര്‍ പ്രോസിക്യൂട്ടറുടെ പക്കലാണ് ഉള്ളത്. രണ്ടോ മൂന്നോ ആഴ്ചകള്‍ മാത്രമാണ് നിമിഷയെ രക്ഷിക്കാനായി മുന്നില്‍ ഉള്ളതെന്നും സാമുവല്‍ ജെറോം പറഞ്ഞു. നിമിഷപ്രിയയുടെ മോചനശ്രമം ഇനിയും തുടരാനാകുന്നതാണെന്നും ദയാധനം സ്വീകരിക്കുന്നതില്‍ അന്തിമതീരുമാനം ഉണ്ടാകേണ്ടതു തലാലിന്റെ കുടുംബത്തില്‍നിന്നാണെന്നും സാമുവല്‍ ജെറോം പറഞ്ഞു.

നിമിഷപ്രിയയുടെ മോചനത്തിനുള്ള സാധ്യത അടഞ്ഞിട്ടില്ല . കൊല്ലപ്പെട്ട തലാലിന്റെ കുടുംബമാണ് അന്തിമ തീരുമാനം എടുക്കേണ്ടത് ഒത്തുതീര്‍പ്പിനുള്ള ചര്‍ച്ചകള്‍ തുടരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ ശിക്ഷ ശരിവച്ചത് സാങ്കേതിക നടപടി മാത്രമാണ്.

2017ലായിരുന്നു കേസിനാസ്പദമായ സംഭവം. യമന്‍ പൗരന്‍ തലാല്‍ അബ്ദുല്‍ മഹ്ദിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് നിമിഷപ്രിയ വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്നത്. 2018ലായിരുന്നു നിമിഷപ്രിയയ്‌ക്കെതിരെ യമന്‍ കോടതി വധശിക്ഷ വിധിച്ചത്. വിധിക്കെതിരെ അപ്പീല്‍ നല്‍കിയെങ്കിലും 2020ല്‍ യമനിലെ അപ്പീല്‍ കോടതി ശിക്ഷ ശരിവെച്ചു. പിന്നീട്, യമനിലെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും 2023 നവംബറില്‍ അപ്പീല്‍ തള്ളി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )