വയനാട് ഉരുൾപൊട്ടൽ ദുരന്തം; ഇതുവരെ തിരിച്ചറിയാനാകാത്ത 32 പേരുടെ ലിസ്റ്റ് അംഗീകരിച്ചു
വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരുടെ ലിസ്റ്റ് അംഗീകരിച്ചു. ഇതുവരെ തിരിച്ചറിയാനാകാത്ത 32 പേരുടെ ലിസ്റ്റാണ് ദുരന്തനിവാരണ അതോറിറ്റി അംഗീകരിച്ചത്. കാണാതായവരെ ദുരന്തത്തിൽ മരിച്ചവരായി കണക്കാക്കാനുള്ള സർക്കാർ ഉത്തരവ് ഉടൻ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
231 മൃതദേഹങ്ങളും, 223 മൃതദേഹ ഭാഗങ്ങളുമാണ് ഇതുവരെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കണ്ടെടുത്തത്. കാണാതായവരെ മരിച്ചവരായി കണക്കാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടറോട് അഭ്യര്‍ത്ഥിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കിയിരുന്നു. കാണാതായവരുടെ ആശ്രിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും ആനുകൂല്യങ്ങളും നല്‍കുന്നതിന്റെ ഭാഗമായാണ് ശുപാര്‍ശകള്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
ഇതിനായി പ്രാദേശികതല സമിതികളും സംസ്ഥാനതല സമിതികളും രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സമിതിയില്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, റവന്യൂ ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരാണ് ഉള്‍പ്പെടുന്നത്. സംസ്ഥാന സമിതിയുടെ സൂഷ്മപരിശോധനയ്ക്ക് ശേഷം റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.