
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: അഫാന്റെ ചികിത്സക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കും; ഒരുമാസമായി മദ്യപിക്കാറുണ്ടായിരുന്നുവെന്ന് പ്രതി
സംസ്ഥാനത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. മാനസിക ആരോഗ്യ വിദഗ്ധര്‍ അടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘമാണ് രൂപീകരിക്കുക. ഇവര്‍ അഫാനെ പരിശോധിക്കും. അതേസമയം കഴിഞ്ഞ ഒരുമാസമായി മദ്യപിക്കാറുണ്ടായിരുന്നുവെന്ന് പ്രതി അഫാന്‍ ഡോക്ടര്‍മാരോട് പറഞ്ഞു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയ ശേഷമാകും പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുക. നാല് എസ്പിമാരുടെ സംഘം കേസ് അന്വേഷിക്കും.
പ്രാഥമിക പരിശോധനയില്‍ അഫാന്‍ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഏത് ലഹരിയെന്ന് കണ്ടെത്താന്‍ കൂടുതല്‍ പരിശോധന നടത്തും. എന്നാല്‍ കഴിഞ്ഞ ഒരുമാസമായി മദ്യപിക്കാറുണ്ടായിരുന്നുവെന്ന് പ്രതി അഫാന്‍ ഡോക്ടര്‍മാരോട് പറഞ്ഞു. ലഹരി ഉപയോഗിച്ചിട്ടില്ലെന്നും പ്രതി പറഞ്ഞു. എന്നാല്‍ ഇതില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. എലിവിഷം കഴിച്ച പ്രതി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയുടെ ആരോഗ്യസ്ഥിതിയില്‍ കുഴപ്പമൊന്നും ഇല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ പ്രതി ചികിത്സയോട് സഹകരിക്കുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ നടുക്കിയ കൂട്ടക്കൊലപാതകത്തിന്റെ കാരണം തേടുകയാണ് പൊലീസ്. സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് കൊല ചെയ്തതെന്ന പ്രതിയുടെ മൊഴിയും പൊലീസ് വിശ്വസിച്ചിട്ടില്ല. മൊഴിയിലെ വൈരുധ്യം തീര്‍ക്കാന്‍ പൊലീസ് വീണ്ടും മൊഴിയെടുക്കും. അതേസമയം കേസില്‍ ഇനി നിര്‍ണ്ണായകമാവുക പ്രതിയുടെ അമ്മ ഷെമിയുടെ മൊഴിയാകും. നിലവില്‍ ചികിത്സയില്‍ കഴിയുന്ന ഇവരുടെ നില അതീവ ഗുരുതരമാണ്.